
കണ്ണൂര്‍: കണ്ണൂര്‍ കുറുമാത്തൂരില്‍ രണ്ട് മാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ മുബഷീറയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കുറുമാത്തൂര്‍ പൊക്കുണ്ട് സ്വദേശിനിയാണ് അറസ്റ്റിലായ മുബഷീറ.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മുബഷീറയുടെ രണ്ട് മാസം മാത്രം പ്രായമുള്ള മകന്‍ ആമിഷ് അലന്‍ വീട്ടിലെ കിണറ്റില്‍ വീണ് മരിച്ചതെന്നാണ് വീട്ടുകാര്‍ ആദ്യം പോലീസിനോട് പറഞ്ഞത്. കുളിപ്പിക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ കിണറ്റില്‍ വീണെന്നാണ് മാതാവ് പൊലീസിനെ അറിയിച്ചത്. എന്നാല്‍, കുളിമുറിയോട് ചേര്‍ന്നുള്ള കിണറ്റില്‍ ഇരുമ്പ് ഗ്രില്‍ സ്ഥാപിച്ചിരുന്നു. ഗ്രില്‍ തുറന്നുവെച്ചത് വെള്ളം കോരാനുള്ള ഭാഗത്ത് മാത്രമായിരുന്നു. ഈ സാഹചര്യത്തില്‍ കുഞ്ഞ് കിണറ്റില്‍ വീണതിലാണ് പൊലീസിന് സംശയം തോന്നിയത്.
സംഭവത്തെ തുടര്‍ന്ന് ഡി.വൈ.എസ്.പി. കെ.ഇ. പ്രേമചന്ദ്രന്‍, ഇന്‍സ്‌പെക്ടര്‍ ബാബു മോന്‍, എസ്.ഐ. കെ. ദിനേശന്‍ എന്നിവരുടെ നേതൃത്വത്തില്‍ വീട്ടുകാരെ കഴിഞ്ഞ രണ്ട് ദിവസമായി വിശദമായി ചോദ്യം ചെയ്തുവരികയായിരുന്നു. ചോദ്യം ചെയ്യലിനൊടുവില്‍ കുഞ്ഞിന്റെ മരണം അപകടമല്ല, കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.