ഭരണസമിതി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം; മില്‍മാ ആസ്ഥാനത്തേക്ക് യൂത്ത് കോണ്‍ഗ്രസ് മാർച്ച്; തല തല്ലിപ്പൊളിച്ച് പോലീസിന്‍റെ നരനായാട്ട്

Jaihind Webdesk
Monday, April 4, 2022

 

തിരുവനന്തപുരം: തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോൽപാദക യൂണിയൻ ഭരണസമിതി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നടക്കുന്ന നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മിൽമാ ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. ഏപ്രിൽ 9 ന് ആണ് ഭരണ സമിതി തെരഞ്ഞെടുപ്പ്. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടന്നാൽ കോൺഗ്രസ് ഭരണ സമിതി വിജയിക്കുമെന്ന സാഹചര്യമുള്ളതിനാല്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ഭരണം പിടിക്കാനുള്ള ശ്രമമാണ് ഇടതു പക്ഷവും സർക്കാരും നടത്തുന്നത്. ഇതിനെതിരെയാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി എത്തിയത്.

തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിന്‍റെ ഭാഗമായാണ് വോട്ടർപട്ടികയിൽ ഉൾപ്പെടുകയും വോട്ട് ചെയ്യാൻ ഐഡി കാർഡ് ലഭ്യമാകുകയും ചെയ്ത അഞ്ചു തെങ്ങ് ക്ഷീര സംഘം കഴിഞ്ഞ ദിവസം ക്ഷീര വികസന വകുപ്പ് ഡിഡി യും റിട്ടേണിംഗ്
ഓഫീസറുമായ ജയകുമാർ പിരിച്ചുവിട്ടത്. ഉച്ചയ്ക്ക് 12 മണിയോടെ പട്ടത്ത് നിന്ന് ആരംഭിച്ച മാർച്ച് മിൽമ ആസ്ഥാനത്തിന്‍റെ പ്രധാന കവാടത്തിന് മുമ്പിൽ പോലീസ് ബാരിക്കേട് കെട്ടി തടഞ്ഞു. തുടർന്ന് പോലീസുമായി വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് മറികടന്ന് മുന്നോട്ടുപോകാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് ഒരു പ്രകോപനവുമില്ലാതെ പോലീസ് ലാത്തിചാർജ് നടത്തി. തറയിൽ വീണ പ്രവർത്തകരെ പോലീസ് വളഞ്ഞിട്ട് തല്ലി. നിരവധി പ്രവർത്തകർക്ക് പോലീസ് അതിക്രമത്തിൽ പരിക്കേറ്റു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷജീർ നേമത്തിന്‍റെ തല പൊട്ടി   7 സ്റ്റിച്ചിടേണ്ടിവന്നു. യൂത്ത് കോൺഗ്രസ് അരുവിക്കര അസംബ്ലി പ്രസിഡന്‍റ് രാഹുൽ എസ്.കെയുടെ തലയ്ക്ക് പരിക്കേറ്റു. കാട്ടാക്കട മണ്ഡലം പ്രസിഡന്‍റ് ഗൗതമിന്‍റെ കൈക്ക് പൊട്ടലേറ്റു. അസംബ്ലി ഭാരവാഹികളായ സജു അമർദാസ്, ജോൺ എന്നിവർക്കും തലയ്ക്ക് പരിക്കേറ്റു . പരിക്കേറ്റ പ്രവർത്തകരെ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ പ്രവേശിച്ചു.

യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് സുധീർഷാ പാലോടിന്‍റെ അധ്യക്ഷതയിൽ എം വിൻസെന്‍റ് എംഎൽഎ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. പോലീസിനെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിക്കമറിക്കാനുള്ള നീക്കത്തെ ചെറുക്കുമെന്ന് എം. വിൻസെന്‍റ് എംഎൽഎ പറഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറി ജി സുബോധൻ, എസ്.എം ബാലു, ആനാട് ജയൻ, ആർ ലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ ജെ.എസ് അഖിൽ, ശരത് എ.ജി, അനീഷ് കാട്ടാക്കട, ടി.ആർ രാജേഷ്, അജയ് കുര്യാത്തി, ഷാജി മലയിൻകീഴ്, അഫ്സൽ, മാഹീൻ പഴഞ്ചിറ, അബീഷ് .എസ്, പത്മേഷ് തുടങ്ങിയർ നേതൃത്വം നൽകി. പോലീസിനെ ഉപയോഗിച്ച് അതിക്രമം അഴിച്ചു വിട്ട് മിൽമ പിടിച്ചെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഒരു പ്രകോപനവുമില്ലാതെയാണ് പോലീസ് മർദ്ദിച്ചതെന്നും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് സുധീർഷാ പാലോട് പറഞ്ഞു.