അര്‍ധരാത്രിയില്‍ വീടുകയറി പോലീസ് അതിക്രമം; ക്യാന്‍സര്‍ രോഗി കുഴഞ്ഞുവീഴുന്നതും ദൃശ്യങ്ങളില്‍ | VIDEO

Jaihind Webdesk
Saturday, September 21, 2019

കൊല്ലം : പരവൂരില്‍ അർധരാത്രി വീടുകയറി പോലീസ് അക്രമം. രോഗികളായ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വീട്ടില്‍ അര്‍ധരാത്രിയില്‍ പൊലീസെത്തി ഭീഷണിപ്പെടുത്തുകയും അതിക്രമം നടത്തുകയും ചെയ്തു. സ്ത്രീകളെയും കുട്ടികളെയും പോലീസ് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്. വനിതാപോലീസ് ഇല്ലാതെയാണ് സ്ത്രീകളുള്ള വീട്ടില്‍ പോലീസ് കടന്നുകയറി അക്രമം നടത്തിയത്.

പള്ളിക്കൽ സർക്കാർ ആശുപത്രി ഡോക്ടറെ കൈയ്യേറ്റം ചെയ്‌തെന്ന കേസിലെ പ്രതികളുടെ വീട്ടിലാണ് അർധരാത്രി പോലീസെത്തി ഭീഷണിയും അതിക്രമവും നടത്തിയത്. വനിതാപോലീസില്ലാതെ അർധരാത്രി സ്ത്രീകളും കുട്ടികളുമുള്ള വീട്ടിൽ അതിക്രമിച്ചുകടന്ന പോലീസ് സംഘം ഇവരെ ഭീഷണിപ്പെടുത്തുകയും അതിക്രമങ്ങൾ കാട്ടുകയും ചെയ്തു. പോലീസ് ഭീഷണിക്കിടയിൽ ക്യാൻസർ രോഗിയായ വീട്ടമ്മ കുഴഞ്ഞുവീഴുകയും ചെയ്തു.

പുലർച്ചെ രണ്ട് മണിയോടെ കേസിലെ പ്രതി സുഗതകുമാറിന്‍റെ മകളുടെ ഭർത്താവിന്‍റെ കൊല്ലം പരവൂരിലെ വീട്ടിലായിരുന്നു പോലീസ് അതിക്രമം. ഇത് മൊബൈൽഫോണിൽ ചിത്രീകരിക്കാൻ ശ്രമിച്ചവർക്ക് നേരെയും പോലീസ് അതിക്രമം കാട്ടി. തളർന്നുവീണ വീട്ടമ്മയ്ക്ക് നേരത്തെ ചികിത്സ നിഷേധിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് പള്ളിക്കൽ ഗവണ്‍മെന്‍റ് ആശുപത്രിയിൽ പ്രശ്‌നങ്ങളുണ്ടാകാൻ കാരണം. കേസിൽ പ്രതികളായ തപാൽ വകുപ്പിലെ താൽക്കാലിക ജീവനക്കാരൻ സുഗതകുമാറും മകനും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരിക്കുകയാണ്.

ഡോക്ടർക്കെതിരെ ഇവരും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഈ പരാതി പോലീസ് പരിഗണിച്ചിട്ടില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് വീട്ടിൽ അതിക്രമിച്ചുകയറി പോലീസ് ഇവരെ പിടികൂടാൻ ശ്രമം നടത്തിയത്. അർധരാത്രി പോലീസ് സംഘം വീട്ടിൽ കയറി നടത്തിയ അതിക്രമത്തിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയാണ്.

വീഡിയോ കാണാം: