വിദ്യാര്‍ത്ഥിയെ പോലീസ് സ്‌കൂളില്‍ കയറി തല്ലിച്ചതച്ചു; നിലത്തിട്ട് ചവിട്ടി; സംഭവം വര്‍ക്കലയില്‍

Jaihind News Bureau
Monday, October 28, 2019

തിരുവനന്തപുരം:വര്‍ക്കലയില്‍ വിദ്യാര്‍ഥിക്ക് നേരെ പോലീസ് അതിക്രമം. വര്‍ക്കല ഗവണ്‍മെന്റ് മോഡല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയും സംസ്ഥാന കമ്പഡി താരവുമായ സുധീഷിനെയാണ് എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം സ്‌കൂളിനുള്ളില്‍ കടന്ന് മര്‍ദ്ദിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തത്. ദീപാവലിയോട് അനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ പടക്കം പൊട്ടിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് വര്‍ക്കല എസ്‌ഐയുടെ നേതൃത്വത്തിലുള്ള ആറോളം പോലീസുകാര്‍ സ്‌കൂളിലെത്തി വിദ്യാര്‍ഥികള്‍ക്ക് നേരെ ലാത്തി വീശിയത്. പിന്നീട് സുധീഷിനെ പോലീസ് നിലത്തൂടെ വലിച്ചിഴയ്ക്കുകയും തുടര്‍ന്ന് ചവിട്ടുകയുമായിരുന്നു. ജീപ്പില്‍ കയറ്റിയ വിദ്യാര്‍ഥിയെ ആദ്യം പോലീസ് സ്റ്റേഷനിലേക്കും അവിടെ നിന്നും ആശുപത്രിയിലേക്കും എത്തിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയും വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു.
സ്‌കൂള്‍ സമയം തുടങ്ങുന്നതിന് മുമ്പായി വിദ്യാര്‍ഥികളില്‍ കുറച്ചു പേര്‍ ദീപാവലിയോട് അനുബന്ധിച്ച് പടക്കം പൊട്ടിച്ചു. പിരിഞ്ഞു പോകണമെന്നും ക്ലാസില്‍ കയറാനും പ്രിന്‍സിപ്പല്‍ നിര്‍ദേശിച്ചെങ്കിലും വിദ്യാര്‍ഥികള്‍ അനുസരിച്ചില്ല. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ പോലീസിനെ വിവരമറിയിച്ചു.
തെരഞ്ഞെടുപ്പിന്റെ ഭാഗമായി തിരുവനന്തപുരത്ത് നിന്നും വര്‍ക്കല സ്റ്റേഷനില്‍ എത്തിയ എസ്‌ഐയുടെ നേതൃത്വത്തിലാണ് സുധീഷിനെ മര്‍ദ്ദിച്ചത്. അതേസമയം പ്രിന്‍സിപ്പലിന്റെ നിര്‍ദേശ പ്രകാരമാണ് സ്‌കൂളില്‍ എത്തിയതെന്ന് പോലീസ് പറഞ്ഞു. സ്‌കൂളില്‍ കലോത്സവം നടക്കാനിരിക്കെ വിദ്യാര്‍ഥികള്‍ പടക്കം പൊട്ടിച്ചാല്‍ സാഹചര്യം മോശമാകുമെന്ന നിഗമനത്തിലാണ് പോലീസിനെ വിവരമറിയിച്ചതെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പറഞ്ഞു.