തൃശൂര്‍: സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വീണ്ടും പൊലീസ് അതിക്രമം. അകാരണമായി യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂരില്‍ മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്നതിനാല്‍, രാവിലെ പ്രഭാതഭക്ഷണം കഴിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ മിഥുന്‍ മോഹന്‍, ജെറോണ്‍ ജോണ്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു ചന്ദ്രന്‍ എന്നിവരെയാണ് ഭക്ഷണം കഴിക്കുന്നതിനിടയില്‍ പൊലീസ് ബലമായി അറസ്റ്റ് ചെയ്തു നീക്കിയത്.
സംസ്ഥാനത്ത് പിണറായി സര്‍ക്കാരിന്റെ ‘കാടത്ത ഭരണത്തില്‍’ പൊലീസ് അഴിഞ്ഞാടുമ്പോള്‍ വലയുന്നത് സാധാരണക്കാരായ ജനങ്ങളാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഇന്ന് രാവിലെ തൃശൂരില്‍ ഉണ്ടായ ഈ സംഭവം. മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്നതിനാലാണ് ഈ നടപടിയെന്നും, ഇത് രാജ്യത്തിന്റെ ജനാധിപത്യ വിശ്വാസത്തിനും ഒരു പൗരന്റെ മൗലികാവകാശങ്ങള്‍ക്കും കളങ്കം വരുത്തിയതായും കോണ്‍ഗ്രസ് വിമര്‍ശിച്ചു.
മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ വ്യാപക പ്രതിഷേധം സംസ്ഥാനത്തുടനീളം നടക്കുന്നതിനിടയിലാണ് പൊലീസിനെ കൂട്ടുപിടിച്ചുള്ള ഈ ‘കാടത്ത നടപടികള്‍’ വീണ്ടും നടമാടുന്നത്. കേരള രാഷ്ട്രീയത്തില്‍ സി.പി.എം. ഭരണത്തിന്റെ പര്യവസാനത്തിന്റെ നാളുകള്‍ വിദൂരമല്ലെന്നത് ഉറപ്പാണെന്നും നേതാക്കള്‍ പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി കരുതല്‍ തടങ്കലെന്ന പേരിലാണ് അറസ്റ്റ് നടന്നതെങ്കിലും, പ്രതിപക്ഷ നേതാക്കളെ വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രധാന വിമര്‍ശനം.