വീടിന് സമീപം നിന്ന യുവാവിന് പൊലീസ് മര്‍ദ്ദനം, പരിക്ക് ; ഡിജിപിക്ക് പരാതി

Jaihind Webdesk
Tuesday, August 10, 2021

തിരുവനന്തപുരം : വീടിന് സമീപം നിന്ന യുവാവിനെ പൊലീസ് മര്‍ദ്ദിച്ചെന്ന് പരാതി. കഴക്കൂട്ടം സ്വദേശി ഷിബുകുമാര്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കി. ഞായര്‍ രാത്രി വീടിനുസമീപം നിന്ന തന്നെ കഴക്കൂട്ടം സിഐയുടേയും എസ്ഐയുടേയും നേതൃത്വത്തിലുള്ള സംഘം അകാരണമായി മര്‍ദ്ദിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു. പരിക്കേറ്റ ഷിബുകുമാർ ആശുപത്രിയില്‍ ചികിത്സ തേടി.  അതേസമയം സാമൂഹ്യവിരുദ്ധരെ ഓടിച്ചുവിടുകയാണ് ചെയ്തതെന്നാണ് പൊലീസിന്റെ വിശദീകരണം.

നേരത്തെ ശ്രീകാര്യത്ത് ബലിയിടാന്‍ പോയ വിദ്യാർത്ഥിക്ക് പിഴയിട്ട സംഭവവും വിവാദമായിരുന്നു. 2000 രൂപ പിഴയീടാക്കിയ ശേഷം 500 രൂപയുടെ രസീത് നല്‍കുകയാണ് പൊലീസ് ചെയ്തത്. ശ്രീകാര്യം സ്വദേശി നവീനില്‍ നിന്നാണ് 2000 രൂപ വാങ്ങിയത്.  ശ്രീകാര്യം വെണ്‍ചാവോടുള്ള വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ക്ഷേത്രത്തില്‍ ബലിയിടാന്‍ അമ്മയ്ക്കൊപ്പം പോയപ്പോഴാണ് പൊലീസ് തടഞ്ഞ് നിര്‍ത്തിപിഴയീടാക്കിയത്.