കേസില്‍ ഉള്‍പ്പെട്ടയാളെ കാണാന്‍ നേമം പൊലീസ് സ്റ്റേഷനിലെത്തിയ തന്നെ അന്നത്തെ എസ്‌ഐയുടെ നേതൃത്വത്തില്‍ ക്രൂരമായി മര്‍ദിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ജെ.ഷജീര്‍. കുന്നംകുളത്ത് സുജിത്ത് നേരിട്ടതിനു സമാനമായ മര്‍ദനമാണ് നേമം ഷജീറിന് 2017 ല്‍ നേമം പോലീസ് സ്റ്റേഷനില്‍ നേരിടേണ്ടി വന്നത്. ഒരു കേസില്‍ ഉള്‍പ്പെട്ടയാളെ കാണുവാന്‍ നേമം പൊലീസ് സ്റ്റേഷനിലെത്തിയ ഷജീറിനെ അന്നത്തെ എസ്‌ഐ എസ്.എല്‍.സമ്പത്തും മറ്റ് നാലു പോലീസുകാരും ചേര്‍ന്ന് അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ജനനേന്ദ്രിയത്തിനും നട്ടെല്ലിനും ക്ഷതമേറ്റ ഷജീറിനെ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു എന്ന കള്ളക്കേസിലും ഇവര്‍ പെടുത്തി.
2017 മേയ് 14ന് ആയിരുന്നു സംഭവം. സ്റ്റേഷനിലെത്തിയ തന്നെ ‘നീ ഏത് പാര്‍ട്ടിക്കാരനാടാ’ എന്നു ചോദിച്ച് അന്നത്തെ എസ്‌ഐ എസ്.എല്‍.സമ്പത്ത്, അജയകുമാര്‍, മറ്റ് 3 പൊലീസുകാര്‍ എന്നിവര്‍ ചേര്‍ന്നു മര്‍ദിക്കുകയായിരുന്നു. മരിക്കുമെന്നു സംശയം തോന്നിയപ്പോള്‍ ജീപ്പില്‍ കയറ്റി തിരുവല്ലം സ്റ്റേഷനിലെത്തിച്ചു. അപകടത്തില്‍പെട്ട് വഴിയില്‍ കിടന്ന ആളാണെന്നാണ് തിരുവല്ലം പൊലീസിനെ അവര്‍ അറിയിച്ചത്. തിരിച്ചെത്തിയ സംഘം നേമം സ്റ്റേഷനിലെ ഉപകരണങ്ങളും ചെടിച്ചട്ടികളും അടിച്ചുതകര്‍ത്ത ശേഷം താന്‍ സ്റ്റേഷനില്‍ അതിക്രമം നടത്തിയെന്നു വ്യാജ തെളിവുണ്ടാക്കി. ശസ്ത്രക്രിയ ചികിത്സയുമായി 20 ദിവസം ആശുപത്രിയില്‍ കഴിഞ്ഞുവെന്നും ഷജീര്‍ പറഞ്ഞു.