മുഖം കഴുകാന്‍ മാസ്ക് താഴ്ത്തി ; പിഴയിട്ടത് ചോദ്യംചെയ്ത യുവാവിന്‍റെ കാല്‍ തല്ലിയൊടിച്ച് പൊലീസ്

Jaihind Webdesk
Thursday, August 26, 2021

 

കോട്ടയം: മാസ്ക് ഉപയോഗിച്ചില്ലെന്ന് ആരാപിച്ച് യുവാവിന്‍റെ കാൽ പൊലീസ് തല്ലിയൊടിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ഭാര്യയ്ക്ക് കൂട്ടിരിക്കാനെത്തിയ പള്ളം മാവിളങ്ങ് സ്വദേശി അജികുമാറിന്‍റെ കാലാണ് ഒടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കണ്‍ട്രോള്‍ റൂം ഗ്രേഡ് എസ്ഐ എം.സി രാജുവിനെ സസ്പെൻഡ് ചെയ്തു. അന്വേഷണത്തിൽ പൊലീസിന്‍റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന് കണ്ടതിനെത്തുടർന്നാണ് നടപടി.

കഴിഞ്ഞ ചെവ്വാഴ്ചയാണ് സംഭവം നടന്നത്. ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിന് മുൻവശം നിൽക്കുന്നതിനിടെ പൊലീസ് എത്തി അതിക്രമം കാണിച്ചു എന്നാണ് അജി കുമാർ പരാതിപ്പെടുന്നത്. സ്ഥലത്തുണ്ടായിരുന്നവരും അജികുമാർ പറഞ്ഞത് അംഗീകരിക്കുകയായിരുന്നു. പൊലീസ് വാഹനത്തിൽ കയറ്റി കൊണ്ടുപോകുമ്പോഴാണ് അതിക്രമം ഉണ്ടായത്. വാഹനത്തിലേക്ക് തള്ളി കയറിയപ്പോൾ കാൽ ഡോറിന് ഇടയിൽ വീണു പൊട്ടൽ ഏൽക്കുകയായിരുന്നു എന്ന് അജികുമാറും ദൃക്സാക്ഷികളും പറയുന്നു.

കാൽ ഡോറിന് ഇടയിൽ ഉണ്ടെന്ന് പറഞ്ഞിട്ടും രണ്ടുതവണ വലിച്ച് അടയ്ക്കാൻ എസ്.ഐ ശ്രമിച്ചതാണ് അജികുമാർ പറയുന്നത്. അതേസമയം പരിക്കേറ്റ അജികുമാറിനെതിരെയും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മാസ്ക് വച്ചില്ല എന്നാരോപിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്.