കെഎസ്‌യു മാർച്ചിന് നേരെ പോലീസ് അതിക്രമം: വഴിയാത്രക്കാരിയെ ‘പോലീസാക്കി’ വിദ്യാർത്ഥിനികള്‍ക്ക് നേരെ ബലപ്രയോഗം, കൂട്ടിന് പുരുഷ പോലീസും; വിവാദം

Jaihind Webdesk
Monday, October 24, 2022

 

കണ്ണൂർ സർവകലാശാല വിസിയുടെ വസതിയിലേക്ക് കെഎസ്‌യു പ്രവർത്തകർ നടത്തിയ മാർച്ചിന് നേരെ പോലീസ് അതിക്രമം. വിസിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു മാർച്ച്. മാർച്ചിൽ പങ്കെടുത്ത കെഎസ്‌യു വിദ്യാർത്ഥിനികളെ വനിതാ പോലീസ് ഇല്ലാതെ കസ്റ്റഡിയിൽ എടുത്തു. വഴിയാത്രക്കാരിയായ സ്ത്രീയും പോലീസും ചേർന്നാണ് വിദ്യാർത്ഥിനികളെ പിടിച്ചുവലിച്ച് ജീപ്പില്‍ കയറ്റിയത്.

മാർച്ച് വിസിയുടെ വീടിന് മുന്നിൽ പോലീസ് തടഞ്ഞു. പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. തുടർന്ന് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്ത് നീക്കം ചെയ്തു. മാർച്ചിൽ പങ്കെടുത്ത കെഎസ്‌യു പ്രവർത്തകരായ കാവ്യ, ദേവനന്ദ എന്നീ വിദ്യാർത്ഥിനികളെ വനിതാ പോലീസിന്‍റെ അസാന്നിധ്യത്തിലാണ് കസ്റ്റഡിയിൽ എടുത്തത്. വഴിയാത്രക്കാരിയായ സ്ത്രീയെ കൊണ്ടാണ് പെൺകുട്ടികളെ ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്തത്. വിദ്യാർത്ഥിനികള്‍ ജീപ്പില്‍ കയറാന്‍ തയാറാകാതെ ജീപ്പിന് സമീപത്ത് നിന്ന് മാറാന്‍ ശ്രമിച്ചത് പുരുഷ പോലീസ് ബലം പ്രയോഗിച്ച് തടയുകയും ചെയ്തു. കണ്ണൂർ ടൗൺ സിഐയാണ് പെൺകുട്ടികളെ പിടിക്കാൻ വഴിയാത്രക്കാരിയായ സ്ത്രീക്ക് നിർദേശം നൽകിയത്. ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിക്കുന്നത് തടയാനും ശ്രമം ഉണ്ടായി.