യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരായ പൊലീസ് അതിക്രമം: വി.എം. സുധീരന്റെ പരാതിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടല്‍

Jaihind News Bureau
Friday, October 31, 2025

കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.എസ്. സുജിത്തിനെതിരായ പൊലീസ് അതിക്രമത്തില്‍ കെ.പി.സി.സി. മുന്‍ പ്രസിഡന്റ് വി.എം. സുധീരന്‍ നല്‍കിയ പരാതിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു. 2025 സെപ്റ്റംബര്‍ 30-ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസിന് കമ്മീഷന്‍ അയച്ച കത്തിലാണ് നടപടി.

സുജിത്തിനെതിരെ പൊലീസ് കള്ളക്കേസ് ചുമത്തി പൊതുസ്ഥലത്ത് മദ്യപിച്ചുവെന്നാരോപിച്ച് അറസ്റ്റ് ചെയ്യുകയും നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വെക്കുകയും ചെയ്തുവെന്നാണ് വി.എം. സുധീരന്‍ പരാതിയില്‍ ആരോപിച്ചിരുന്നത്. പരാതി പ്രകാരം, പോലീസ് സ്റ്റേഷനില്‍ വെച്ച് ഉദ്യോഗസ്ഥര്‍ സുജിത്തിനെ ക്രൂരമായി മര്‍ദ്ദിക്കുകയും, പേരിന് മാത്രമുള്ള വൈദ്യപരിശോധനയ്ക്കായി ആശുപത്രിയില്‍ കൊണ്ടുപോവുകയും ചെയ്തു. എന്നാല്‍, ആശുപത്രിയില്‍ രേഖകളൊന്നും സൂക്ഷിക്കാതെ അന്നുതന്നെ സുജിത്തിനെ ഡിസ്ചാര്‍ജ് ചെയ്തു. ഇതിനുശേഷം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ നടത്തിയ പരിശോധനയില്‍ സുജിത്തിന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശം ഇല്ലെന്ന് കണ്ടെത്തി. പൊലീസ് കെട്ടിച്ചമച്ച കള്ളക്കേസാണിതെന്ന് ഇത് തെളിയിക്കുന്നതായും ശാരീരിക പീഡനം കാരണം സുജിത്തിന് പരിക്കേറ്റതായും പരാതിയില്‍ പറയുന്നു.

2023 ഏപ്രില്‍ അഞ്ചിനാണ് കള്ളക്കേസില്‍ സുജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് മര്‍ദ്ദനത്തില്‍ സുജിത്തിന് ഗുരുതരമായി പരിക്കേറ്റിരുന്നു. സുജിത്ത് വിവരാവകാശ നിയമത്തിലൂടെ നേടിയെടുത്ത സി.സി.ടി.വി. ദൃശ്യങ്ങളാണ് പൊലീസ് അതിക്രമം പുറത്ത് കൊണ്ടുവന്നത്. തുടര്‍ന്ന് നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയു ചെയ്തു.