ഷാഫി പറമ്പില്‍ എംപിക്കെതിരായ പൊലീസ് അതിക്രമം: ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്

Jaihind News Bureau
Saturday, October 11, 2025

കോഴിക്കോട് പേരാമ്പ്രയില്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപിക്കെതിരെ പൊലീസ് നടത്തിയ അതിക്രമത്തില്‍ യൂത്ത് കോണ്‍ഗ്രസ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളക്ക് ഔദ്യോഗികമായി പരാതി നല്‍കി. എം.പിക്ക് മതിയായ സുരക്ഷ ഉറപ്പാക്കാനും ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ കോര്‍ഡിനേറ്ററും (ഗവേഷണ സെല്‍) ഡല്‍ഹി പ്രദേശ് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വക്താവുമായ വിനീത് തോമസാണ് സ്പീക്കര്‍ക്ക് വേണ്ടി പരാതി കൈമാറിയത്.

വെള്ളിയാഴ്ച വൈകുന്നേരം പേരാമ്പ്രയില്‍ വെച്ച് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയപ്പോള്‍ ഷാഫി പറമ്പില്‍ എം.പിക്ക് നേരെ ശാരീരിക ആക്രമണം നടന്നതായി പരാതിയില്‍ വ്യക്തമാക്കുന്നു. ലാത്തിച്ചാര്‍ജ്, ടിയര്‍ ഗ്യാസ് പ്രയോഗം തുടങ്ങിയ അമിത ബലപ്രയോഗത്തിലൂടെയാണ് പൊലീസ് ജനക്കൂട്ടത്തെ പിരിച്ചുവിട്ടത്. ആക്രമണത്തില്‍ എം.പിക്ക് മുഖത്ത് സാരമായ പരിക്കേല്‍ക്കുകയും മൂക്കില്‍ നിന്ന് രക്തസ്രാവമുണ്ടാകുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹത്തിന് അടിയന്തര ശസ്ത്രക്രിയ വേണ്ടിവന്നുവെന്നും പരാതിയില്‍ പറയുന്നു. ദൃക്സാക്ഷികള്‍ നല്‍കിയ മൊഴി പ്രകാരം പൊലീസ് ഷാഫി പറമ്പിലിനെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു എന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഒരു ജനപ്രതിനിധി പോലും കേരളത്തിലെ പൊലീസ് അതിക്രമത്തില്‍ സുരക്ഷിതനല്ല. ഈ സംഭവം ഗുരുതരമായ പാര്‍ലമെന്ററി പ്രത്യേകാവകാശ ലംഘനമാണ് (Parliamentary Privilege) എന്നും, ലോക്‌സഭയുടെ അന്തസ്സിന് നേരെയുള്ള ഭീഷണിയാണ് എന്നും പരാതിയില്‍ പറയുന്നു. പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ എം.പിക്ക് സംരക്ഷണം നല്‍കേണ്ടത് അധികാരികളുടെ കടമയാണ്. അതുകൊണ്ട് തന്നെ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാന്‍ സ്പീക്കര്‍ അടിയന്തരമായി ഇടപെടണമെന്ന് വിനീത് തോമസ് ആവശ്യപ്പെട്ടു. എം.പിക്ക് നേരെയുണ്ടായ ഈ ആക്രമണം സംസ്ഥാനത്തെ പൊലീസ് അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതിന്റെ തെളിവാണെന്നാണ് യൂത്ത് കോണ്‍ഗ്രസ്സിന്റെ വിലയിരുത്തല്‍.