ഷാഫി പറമ്പില്‍ എം.പിക്ക് എതിരായ പൊലീസ് അതിക്രമം വഴിതിരിച്ചു വിടാന്‍ ശ്രമമെന്ന് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍. സി.പി.ഐ.എം – പൊലീസ് കൂട്ടുകെട്ടാണ് ഇതിനു പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.
പൊലീസിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു എന്നാണ് പുതിയ കഥയെന്നും സംഭവ സ്ഥലത്ത് പൊലീസ് കൊണ്ടുവന്നതല്ലാത്ത സ്‌ഫോടക വസ്തു ഉണ്ടോ എന്ന് പരിശോധിക്കണമെന്നും പ്രവീണ്‍ കുമാര്‍ ആവശ്യപ്പെട്ടു. സി.പി.ഐ.എം ജില്ലാ സെക്രട്ടേറിയേറ്റ് അംഗത്തിന്റെ ആരോപണം പൊലീസ് ഏറ്റെടുക്കുകയാണ്. സ്‌ഫോടക വസ്തു എന്ന പേരില്‍ മൂന്നാം ദിവസമാണ് പൊലീസ് കേസെടുത്തത്. സി.പി.ഐ.എം തിരക്കഥയില്‍ പൊലീസ് അഭിനയിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫ് പ്രവര്‍ത്തകര്‍ പൊലീസിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം ദൃശ്യങ്ങളില്‍ കാണുന്നത് പൊലീസ് എറിഞ്ഞ സ്‌ഫോടക വസ്തു ആണെന്നും വ്യക്തമാക്കി. യു.ഡി.എഫ് പ്രവര്‍ത്തകര്‍ സ്‌ഫോടക വസ്തു കൊണ്ടു വന്നിട്ടില്ല. ഏത് പ്രവര്‍ത്തകന്‍, ഏത് വസ്തു എറിഞ്ഞു എന്ന് പൊലീസ് പറയണം. റൂറല്‍ എസ്.പി തന്നെ സമ്മതിച്ചിട്ടും കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കുന്നില്ലെന്നും അഞ്ച് ദിവസത്തിനകം നടപടി വേണമെന്നും പ്രവീണ്‍കുമാര്‍ ആവശ്യപ്പെട്ടു. റൂറല്‍ എസ്.പിയുടെ വടകരയിലെ വാടക വീട് ഉപരോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.