സജി ചെറിയാന്‍റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്‍റെ വീഡിയോ ചോദിച്ച് പോലീസ്, ഇല്ലെന്ന് സിപിഎം

Jaihind Webdesk
Tuesday, July 12, 2022

 

പത്തനംതിട്ട: മുന്‍ മന്ത്രി സജി ചെറിയാന്‍ മല്ലപ്പള്ളിയില്‍ നടത്തിയ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്‍റെ വീഡിയോ പോലീസിന് കൈമാറാതെ സിപിഎം. ഫേസ്ബുക്ക് പേജില്‍ നിന്ന് വീഡിയോ നീക്കം ചെയ്തെന്നും തങ്ങളുടെ കൈവശം ദൃശ്യങ്ങളില്ലെന്നുമാണ് നേതൃത്വത്തിന്‍റെ വിശദീകരണം.

കേസിന്‍റെ വിചാരണ ഘട്ടത്തില്‍ കോടതി പ്രധാന തെളിവായി സ്വീകരിക്കുന്നത് പ്രസംഗത്തിന്‍റെ പൂർണ്ണരൂപമായിരിക്കും.  അതിനാലാണ് അന്വേഷണത്തിന്‍റെ ആദ്യഘട്ടത്തില്‍  ദൃശ്യങ്ങളുടെ പൂര്‍ണ്ണരൂപം കണ്ടെടുക്കാന്‍ പോലീസ് ശ്രമിക്കുന്നത്. ഇതിന്‍റെ ഭാഗമായി മല്ലപ്പള്ളി ഏരിയാ കമ്മിറ്റിയുമായി ബന്ധപ്പെട്ടപ്പോഴാണ് ദൃശ്യങ്ങളില്ലെന്ന് നേതൃത്വം അറിയിച്ചത്.  ഇതോടെ മറ്റ് വഴികള്‍ തേടാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

ഫേസ്ബുക്ക് അക്കൗണ്ടില്‍നിന്ന് ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പോലീസ് ശ്രമിക്കുന്നുണ്ട്.  പ്രസംഗത്തിന്‍റെ പൂര്‍ണ്ണരൂപം ആരു നല്‍കിയാലും തെളിവായി സ്വീകരിക്കുമെന്നും അന്വേഷണംസംഘം അറിയിച്ചു. ദൃശ്യങ്ങള്‍ യഥാര്‍ത്ഥം തന്നെയാണോ കൃത്രിമത്വം നടത്തിയിട്ടുണ്ടോ എന്നത് പരിശോധിച്ച് ഉറപ്പിക്കും. ദൃശ്യങ്ങള്‍ ലഭ്യമായാല്‍ ഇതിനായി ശാസ്ത്രീയ പരിശോധന നടത്തും.