തൃശൂരില്‍ ബാങ്ക് ജീവനക്കാരുടെ ദേഹത്ത് പെട്രോളൊഴിച്ച് യുവാവ്: കൊള്ളയടിക്കുമെന്ന് ഭീഷണി; അറസ്റ്റ്

Jaihind Webdesk
Saturday, June 17, 2023

 

തൃശൂര്‍: അത്താണിയിൽ ജീവനക്കാരുടെ ദേഹത്ത് പെട്രോളൊഴിച്ച് പരിഭ്രാന്തി പരത്തി ബാങ്ക് കൊള്ളയടിക്കാന്‍ യുവാവിന്‍റെ ശ്രമം. ഫെഡറൽ ബാങ്കിന്‍റെ അത്താണി ശാഖയിൽ ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഒരാഴ്ചയായി യുവാവ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന് പോലീസ് അറിയിച്ചു.

ഇന്ന് വെെകിട്ട് നാലരയോടെയാണ് സംഭവം. വടക്കാഞ്ചേരി തെക്കുംകര വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ്
പുതുരുത്തി സ്വദേശി ചിരിയങ്കണ്ടത്ത് വീട്ടിൽ 36 വയസുള്ള ലിജോയാണ് അക്രമം നടത്തിയത്. കന്നാസിലെ പെട്രോൾ ബാങ്ക് അസിസ്റ്റന്‍റ് മാനേജരുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. തുടർന്ന് ഇയാൾ ബാങ്ക് കൊള്ളയടിക്കാൻ പോവുകയാണെന്ന് ആക്രോശിക്കുകയും ചെയ്തു.

ഇതോടെ സെക്യൂരിറ്റി ഉൾപ്പടെയുള്ള ജീവനക്കാർ ചേർന്ന് കീഴ്പ്പെടുത്താൻ ശ്രമിച്ചതോടെ ഇയാൾ ഇറങ്ങിയോടി. ഒടുവില്‍ നാട്ടുകാർ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് കുറ്റിയങ്കാവ് ജംഗ്ഷനു സമീപത്തുവെച്ച് യുവാവിനെ കീഴ്പ്പെടുത്തുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വടക്കാഞ്ചേരി പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തു. അതേസമയം സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഒരാഴ്ചയായി യുവാവ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്ന് പോലീസ് അറിയിച്ചു.