മലപ്പുറം: നവ കേരള സദസിനിടെ യൂട്യൂബറെ കയ്യേറ്റം ചെയ്ത സംഭവത്തിൽ 11 ഡിവൈഎഫ്ഐ പ്രവർത്തകരെ അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ അരീക്കോട് ബ്ലോക്ക് പ്രസിഡൻ്റ് ഉൾപ്പെടെയുളളവരാണ് അറസ്റ്റിലായത്. മർദ്ദനം, തടഞ്ഞുവയ്ക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.
കഴിഞ്ഞമാസം 30ന് അരീക്കോട് നടന്ന ഏറനാട് മണ്ഡലം നവകേരള സദസിനിടെയായിരുന്നു യൂട്യൂബറായ നിസാർ കുഴിമണ്ണയെ ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചത്. ഡി.വൈ.എഫ്.ഐ അരീക്കോട് ബ്ലോക്ക് പ്രസിഡന്‍റ് സാദിൽ, പ്രവർത്തകരായ കെ സൽമാൻ, എൻ.കെ അബ്ദുൽ ഗഫൂർ, ഉബൈദുല്ല ശാക്കിർ, കെ.വി ശ്രീജേഷ്, ടി.സി അബ്ദുൽ നാസർ, നസീർ പള്ളിയാലി, എസ് ജിനേഷ്, എംകെ മുഹമ്മദ് അനീസ്, മുഹമ്മദ് അഷ്‌റഫ്, പി സയ്യിദ് ആബിദ് എന്നിവരാണ് അറസ്റ്റിലായത്.
പരാതി നൽകാൻ വന്നതായിരുന്നു യൂട്യൂബറായ നിസാർ. നേരത്തെ നികുതി വർദ്ധനയിൽ പ്രതിഷേധിച്ച് സർക്കാരിനെ വിമർശിച്ച് നിസാർ വീഡിയോ ചെയ്തിരുന്നു. ഇതിലുളള അമർഷമാണ് മർദ്ദനത്തിന് കാരണമെന്നാണ് പറയുന്നത്. നിസാറിന്‍റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും 20 ദിവസത്തിന് ശേഷം പ്രതികൾ പോലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു.