കെ.എസ്‌.യു പ്രവർത്തകർക്കെതിരെ പൊലീസിന്‍റെ പ്രതികാര നടപടി ; സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്തതിന് അറസ്റ്റ് ; നേതാക്കളുടെയടക്കം വീട്ടില്‍ റെയ്ഡ്

Jaihind News Bureau
Sunday, February 21, 2021

തിരുവനന്തപുരം : കെഎസ്‌യു പ്രവർത്തകർക്കെതിരെ  പ്രതികാര നടപടിയുമായി പൊലീസ്. സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകരെ  അറസ്റ്റ് ചെയ്യുന്നു. യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്റർ ജെ. എസ് അഖിലിനെ ഉള്‍പ്പെടെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി നേതാക്കളുടെയും പ്രവർത്തകരുടെയും വിട്ടിൽ പൊലീസ് റെയ്ഡ് നടത്തുകയാണ്.

പി.എസ്.സി ഉദ്യോഗാർത്ഥികൾക്കും നിരാഹാരമിരിക്കുന്ന യൂത്ത് കോൺഗ്രസ് നേതാക്കൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ.എസ്‌.യു സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷത്തില്‍ കലാശിച്ചിരുന്നു. പൊലീസ് അതിക്രമത്തില്‍ നിരവധി പ്രവർത്തകർക്കാണ് പരിക്കേറ്റത്. എന്നാൽ മാർച്ചിന് പിന്നാലെ കെഎസ്‌യു പ്രവർത്തകർക്കെതിരെ പ്രതികാര നടപടിയെടുക്കാനാണ് പൊലീസ് നീക്കം.

കെഎസ്‌യു പ്രവർത്തകരുടെയും നേതാക്കളുടെയും വീടുകളിൽ പൊലീസ് റെയ്ഡ് നടത്തുകയാണ്. യൂത്ത് കോൺഗ്രസ് നാഷണൽ കോർഡിനേറ്റർ ജെ.എസ് അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. സമാധാനപരമായി നടത്തിയ മാർച്ചിൽ പൊലീസാണ് അക്രമം അഴിച്ചുവിട്ടത് എന്ന് കെഎസ്‌യു ആരോപിച്ചിരുന്നു. പൊലീസിന്റെ പ്രതികാര നടപടിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.