ഗവർണറും മുഖ്യമന്ത്രിയും നടത്തുന്ന കള്ളനും പോലീസും കളി അവസാനിപ്പിക്കണം: രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, January 27, 2024

 

തിരുവനന്തപുരം: ഗവർണറും മുഖ്യമന്ത്രിയും നടത്തുന്ന കള്ളനും പോലീസും കളി അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് – കെഎസ്‌യുക്കാരെ വഴിനീളെ തല്ലിയിട്ടും ഒരക്ഷരം ഉരിയാടാത്തയാളാണ് ഗവർണർ. ഇപ്പോൾ പ്രതിഷേധം ഗവർണർക്കെതിരായപ്പോൾ അദ്ദേഹം വാവിട്ട് നിലവിളിക്കുന്ന കാഴ്ചയാണ് കാണുന്നത്. തനിക്കെതിരെ തിരിയുന്നവർ ആരായാലും കൈകാര്യം ചെയ്യുമെന്ന സന്ദേശമാണ് മുഖ്യമന്ത്രി നൽകുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

ഇപ്പോൾ ഗവർണർക്കെതിരെ നടക്കുന്നത് വെറും നാടകം മാത്രമാണ്. യഥാർത്ഥത്തിൽ ഗവർണർ മുഖ്യമന്ത്രിയെ സഹായിക്കുകയാണ് ചെയ്യുന്നത്. ഇവർ തമ്മിലുള്ള ചക്കളത്തിപ്പോരാട്ടം കാരണം കേരളത്തിൽ കെട്ടുകാര്യസ്ഥതയും ഭരണസ്തംഭനവും ചർച്ച ചെയ്യപ്പെടുന്നില്ല. രണ്ട് പേരും ചേർന്ന് കേരളത്തിന്‍റെ സമാധാന അന്തരീക്ഷം തകർക്കുകയാണെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.

സ്വന്തം പാർട്ടിക്കാരെപ്പോലും ഗുണ്ടകളാക്കി മാറ്റി  യൂത്ത് കോൺഗ്രസ് – കെഎസ്‌യു പ്രവർത്തകരെ നാടുനീളെ പോലീസുകാരെക്കൊണ്ട് തല്ലിക്കുകയാണ് പിണറായി ചെയ്തത്. തല്ലിച്ചതച്ച പോലീസുകാർക്ക് മംഗളപത്രം നൽകുന്ന കാഴ്ചയാണ് പിന്നീട് കണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തല്ലിച്ചതച്ച പോലീസുകാര്‍ക്ക് പിണറായി ഗുഡ് സർവീസ് എൻട്രി നൽകി ആദരിച്ചു. എന്നാൽ മോദിയെ കണ്ടപ്പേൾ പിണറായിയുടെ പതർച്ച എത്രത്തോളമെന്ന് ഒറ്റ ഫോട്ടോയിലൂടെ ലോകം കണ്ടതാണെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.

അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥർക്ക് പോലും ഗുഡ് സർവീസ് എൻട്രി നൽകുന്ന അവസ്ഥയാണിപ്പോഴുള്ളത്. പോലീസ് സേനയുടെ ഒരു വിഭാഗം സിപിഎമ്മിന്‍റെ പോഷക സംഘടനയെപ്പോലെയാണ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് ഉന്നത പദവിയിൽ ഇരിക്കുന്നവർ നിലവാരം വിട്ട് പ്രവർത്തിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.