റിയാസ് മൗലവി വധക്കേസില്‍ പ്രതികളെ രക്ഷിക്കാന്‍ പോലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചു: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Saturday, March 30, 2024

 

തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസ് പ്രതികളെ രക്ഷിക്കാന്‍ പോലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ശ്രീ എമ്മിന്‍റെ സാന്നിധ്യത്തില്‍ ആര്‍എസ്എസുമായി മുഖ്യമന്ത്രി നടത്തിയ രഹസ്യ ചര്‍ച്ചയില്‍ ക്രിമിനല്‍ കേസ് പ്രതികളെ രക്ഷപ്പെടുത്താമെന്ന ധാരണ ഉണ്ടാക്കിയിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പ്രതിപക്ഷ നേതാവ് പറഞ്ഞത്:

റിയാസ് മൗലവി വധക്കേസ് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള കോടതി വിധി നിരാശാജനകമാണ്. കാസര്‍ഗോഡ് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന റിയാസ് മൗലവിയെ മദ്രസയ്ക്ക് സമീപത്തെ താമസസ്ഥലത്തുവെച്ചാണ് ആര്‍എസ്എസ്എസുകാരായ പ്രതികള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ഒരു സംഘര്‍ഷത്തിലും ഉള്‍പ്പെടാത്ത നിരപരാധിയായ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ ആര്‍എസ്എസുകാരയ പ്രതികളെ രക്ഷപ്പെടുത്താന്‍ പോലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചു.

കേസ് സര്‍ക്കാര്‍ ലാഘവത്തോടെയാണ് കൈകാര്യം ചെയ്തത്. മനസാക്ഷിയെ മരവിപ്പിച്ച കൊലപാത കേസിലെ പ്രതികളെ വെറുതെ വിട്ടത് പോലീസിന്‍റെ പരാജയമാണ്. ഭരണനേതൃത്വത്തിനും ഇതില്‍ പങ്കുണ്ട്. പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള വിധി വന്നതോടെ തുടക്കം മുതല്‍ക്കേ കേസ് അട്ടിമറിക്കാന്‍ പോലീസും പ്രോസിക്യൂഷനും ശ്രമിച്ചോയെന്ന സംശയം ബലപ്പെടുന്നു.

ശ്രീ എമ്മിന്‍റെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ രഹസ്യ ചര്‍ച്ചയില്‍ ക്രിമിനല്‍ കേസിലെ പ്രതികളായ സംഘപരിവാറുകാരെ രക്ഷപ്പെടുത്താമെന്ന ധാരണ കൂടി ഉണ്ടാക്കിയിട്ടുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.