മണിപ്പൂർ സന്ദർശനം തടഞ്ഞ പോലീസ് നടപടി ജനാധിപത്യവിരുദ്ധം: കെ സി വേണുഗോപാൽ എം പി

Jaihind Webdesk
Thursday, June 29, 2023

മണിപ്പൂർ സന്ദർശിക്കാൻ അനുമതി നൽകിയ ശേഷം മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം രാഹുൽഗാന്ധിയെയും കോൺഗ്രസ് സമാധാന ദൗത്യസംഘത്തെയും തടഞ്ഞ മണിപ്പൂർ പോലീസിന്‍റെ നടപടി ദൗർഭാഗ്യകരവും ജനാധിപത്യവിരുദ്ധവുമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി.

ദുരിതമനുഭവിക്കുന്ന മണിപ്പൂരിലെ കലാപബാധിത ഇരകൾക്ക് സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും സന്ദേശം നൽകാനാണ് രാഹുൽ ഗാന്ധി മണിപ്പൂരിലെത്തിയത്.എന്നാൽ രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും സഞ്ചരിച്ചിരുന്ന വാഹനവ്യൂഹം ബിഷ്ണുപൂരിന് സമീപം പോലീസ് തടഞ്ഞു. റോഡിൽ ബാരിക്കേഡ് വച്ച പൊലീസ് ഇത് നീക്കാൻ തയ്യാറായില്ല. രാഹുലിന് വഴിയൊരുക്കാനെത്തിയ നൂറുകണക്കിന് ജനക്കൂട്ടത്തിന് നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പോലീസിന്‍റെ ഈ നടപടി ബിജെപിയുടെ രാഷ്ട്രീയ സമ്മർദ്ദത്തിന്റെ ഭാഗമായിട്ടാണ്. മണിപ്പൂരിലെ സമാധാന ശ്രമങ്ങൾ അട്ടിമറിക്കുന്നത് ബിജെപിയും അവിടത്തെ സർക്കാരുമാണെന്ന് ഈ നടപടിയിലൂടെ വ്യക്തമായി. കലാപത്തിന്‍റെ ഇരകളായി ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം നൽകുന്നതിന് പകരം കൊടും ക്രൂരതയാണ് ബിജെപി ഭരണകൂടം കാട്ടുന്നതെന്നും കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു.

മണിപ്പൂരിൽ ഉടനീളം സഞ്ചരിക്കാനും ദുരിതമനുഭവിക്കുന്ന ജനങ്ങളുമായി സംവദിക്കാനും കലഹിക്കുന്ന സമുദായങ്ങൾക്കിടയിൽ സൗഹാർദ്ദവും സമാധാനവും പുനസ്ഥാപിക്കാനും ഭരണഘടനാപരമായ അവകാശം ഉത്തരവാദിത്വമുള്ള രാഷ്ട്രീയ പ്രസ്ഥാനമായ കോൺഗ്രസിനുമുണ്ട്. അത് നിഷേധിക്കാനാണ് ബിജെപി ഭരണകൂടം ശ്രമിക്കുന്നതെന്നും കെ സി വേണുഗോപാൽ ആരോപിച്ചു.