രാഹുല്‍ ഗാന്ധിക്കെതിരായ പൊലീസ് കയ്യേറ്റം ; ആളിക്കത്തി പ്രതിഷേധം, യോഗിയുടെ കോലം കത്തിച്ച് പ്രവർത്തകർ

Jaihind News Bureau
Thursday, October 1, 2020

 

തിരുവനന്തപുരം: ഹത്രാസിൽ ബലാല്‍സംഗത്തിനിടെ കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട്ടിലേക്ക് നടന്ന രാഹുല്‍ ഗാന്ധിക്കെതിരായ പൊലീസ് കയ്യേറ്റത്തിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. കെപിസിസിയുടെ നേതൃത്വത്തില്‍ പാളയം രക്തസാക്ഷി മണ്ഡപത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവർ നേതൃത്വം നല്‍കി.

കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. എറണാകുളത്ത് കോൺഗ്രസ് പ്രവർത്തകർ ബി.എസ്.എൻ.എൽ ഓഫീസിലേക്ക് മാർച്ച് നടത്തി. കോഴിക്കോട്ട് കെ.എസ്.യു പ്രവർത്തകർ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ കോലം കത്തിച്ചു.  തൃശൂരിൽ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന് സംസ്ഥാന അധ്യക്ഷന്‍   ഷാഫി പറമ്പിൽ എംഎല്‍എ, ജില്ലാ പ്രസിഡന്‍റ് ഒ.ജെ.ജെനീഷ്, അനിൽ അക്കര എംഎൽഎ തുടങ്ങിയവർ നേതൃത്വം നൽകി. പാലക്കാട്ട് നടന്ന പ്രതിഷേധം കെപിസിസി സെക്രട്ടറി പി. വി രാജേഷ് ഉദ്ഘാടനം ചെയ്തു. ഡിസിസി ഓഫീസിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം സ്റ്റേഡിയം ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.