മലപ്പുറം താനൂരിൽ വിദ്യാർത്ഥിയെ മനഃപൂർവം കാറിടിച്ചു വീഴ്ത്തിയ പ്രതിയെ സംരക്ഷിച്ച് പൊലീസ്. അഞ്ച് ദിവസം മുൻപ് നടന്ന സംഭവത്തിൽ പ്രതിയെ അറസ്റ്റു ചെയ്യാനോ ഗുരുതര വകുപ്പുകൾ ചുമത്താനോ പൊലീസ് തയ്യാറായിട്ടില്ല. ടയർ കയറിയിറങ്ങി ഇരുകാലുകളുടെയും എല്ലുകൾ പൊട്ടിയ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ ചികിൽസക്കായി ഇതിനോടകം ലക്ഷങ്ങളാണ് ചിലവായത്.
കഴിഞ്ഞ ദിവസം തിരൂർ മീനടത്തൂർ സ്കൂളിനു സമീപമാണ് സംഭവം. കുട്ടികൾ സ്കൂളിലേക്ക് പോകും വഴി കാറിലെത്തിയ പകര സ്വദേശി സമദ്, വാഹനം വരുന്നത് കണ്ടിട്ടും റോഡിൽ നിന്ന് ഇറങ്ങി നടന്നില്ല എന്ന പേരിൽ വിദ്യാർത്ഥികളുമായി തർക്കത്തിൽ ഏർപെട്ടിരുന്നു.പിന്നീട് അമിതവേഗത്തിൽ കാറോടിച്ച് പോകുകയും മുന്നിലുണ്ടായിരുന്ന ബിൻഷാദിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വിദ്യാർഥിയുടെ ഇരുകാലുകളിലും കാർ കയറ്റിയിറക്കി.
മനപ്പൂർവ്വം വിദ്യാർത്ഥിയെ ഇടിച്ചിട്ട് കടന്നുകളഞ്ഞ പ്രതിയെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപിച്ചെങ്കിലും നിസാര വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്തത്. പ്രതിയെ അറസ്റ്റ് ചെയ്യാൻ പോലീസ് ഇത് വരെ തയ്യാറായിട്ടില്ല.
മാസങ്ങൾക്ക് മുൻപ് ഹൃദയാഘാതം മൂലം പിതാവ് മരിച്ച ദുഃഖത്തിൽ നിന്ന് കുടുംബം കരകയറും മുൻപാണ് എസ്എസ്എൽസി പരീക്ഷക്ക് തയ്യാറെടുക്കുന്ന മകൻ ബിൻഷാദിനും അപകടം സംഭവിച്ചത്.