കവിതാമോഷണം: എം.ജെ. ശ്രീചിത്രന്‍ എന്നെ വഞ്ചിച്ചു; എസ്. കലേഷിനോട് മാപ്പ് പറഞ്ഞ് ദീപ നിശാന്ത്

Jaihind News Bureau
Wednesday, December 5, 2018

കവിതാ മോഷണവിവാദത്തില്‍ എം.ജെ. ശ്രീചിത്രനെതിരെ വെളിപ്പെടുത്തലുമായി ദീപ നിശാന്ത്. അങ്ങനെയിരിക്കെ മരിച്ചുപോയി ഞാന്‍/നീ എന്ന കവിത തനിക്ക് നല്‍കിയത് എഴുത്തുകാരനും പ്രഭാഷകനുമായ ശ്രീചിത്രനെന്ന് സമ്മതിച്ച് കേരളവര്‍മ കോളജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത്. സ്വന്തം വരികളാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് ശ്രീചിത്രന്‍ തനിക്ക് കവിത നല്‍കിയത്. ശ്രീചിത്രന്‍ വഞ്ചിച്ചു. പറ്റിയത് വലിയ പിഴവാണെന്നും കവിതയുടെ സൃഷ്ടാവായ എസ്. കലേഷിനോടു മാപ്പ് പറയുന്നു.

എ.കെ.പി.എസ്.ടിയെ എന്ന സര്‍വ്വീസ് സംഘടനയുടെ മാസികയില്‍ തന്റെ കവിത ദീപ മോഷ്ടിച്ചു വികലമാക്കി പ്രസിദ്ധീകരിച്ചെന്ന ആരോപണവുമായി കവി എസ്. കലേഷ് രംഗത്തുവന്നോതെടെയാണ് വിവാദത്തിന് തിരി തെളിഞ്ഞത്. അങ്ങനെയിരിക്കെ മരിച്ചുപോയി ഞാന്‍/നീ എന്ന പേരില്‍ 2011 മാര്‍ച്ച് 4നാണ് കലേഷ് ബ്ലോഗില്‍ കവിത പോസ്റ്റ് ചെയ്തത്. പിന്നീട് മറ്റൊരു വാരികയിലും പ്രസിദ്ധീകരിച്ചു. എന്നാല്‍, ഓള്‍ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ മാഗസിനില്‍ ദീപ നിശാന്തിന്റെ പേരും ചിത്രവും സഹിതം ഇതേ കവിത ‘അങ്ങനെയിരിക്കെ’ എന്നപേരില്‍ പ്രസിദ്ധീകരിച്ചതാണ് വിവാദമായത്. എഴുത്തുകാരനും പ്രഭാഷകനുമായ എം.ജെ. ശ്രീചിത്രനാണ് ദീപയ്ക്കു കവിത പകര്‍ത്തി നല്‍കിയതെന്നും ആരോപണം ഉയര്‍ന്നു.

ആരോപണം ആദ്യം നിഷേധിച്ചെങ്കിലും പിന്നീടു ദീപ ക്ഷമാപണം നടത്തി. ആ കവിത കലേഷിന്റേതല്ല എന്നു തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും ഇക്കാര്യത്തില്‍ കൂടുതലൊന്നും പറയാനാകാത്ത പ്രതിസന്ധിയിലാണെന്നും ദീപ ദിവസങ്ങള്‍ക്കു മുന്‍പ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. ചര്‍ച്ച മുറുകുന്നതിനിടെ ആരോപണവിധേയനായ ശ്രീചിത്രനും ക്ഷമാപണം നടത്തി.