കവി വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു

Jaihind News Bureau
Thursday, February 25, 2021

കവിയും ഭാഷാപണ്ഡിതനുമായ വിഷ്ണു നാരായണൻ നമ്പൂതിരി അന്തരിച്ചു. 81 വയസായിരുന്നു. തിരുവനന്തപുരത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ നേടിയ അദ്ദേഹത്തെ രാഷ്ട്രം 2014ല്‍ പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. പ്രകൃതിയേയും മാനുഷിക വൈകാരികഭാവങ്ങളേയും ഭാരതീയ ദർശനങ്ങളും കവിതകളിൽ ഇടകലർത്തിയ ആ കവിഭാവുകത്വം വിടപറയുമ്പോൾ മലയാളകാവ്യ ലോകത്തിന് എക്കാലത്തെയും തീരാ നഷ്ടങ്ങിൽ ഒന്നായി മാറുന്നു.

മലയാള കാവ്യ ലോകത്ത് ഒഴിച്ചുകൂടാനാകാത്ത വ്യക്തിത്വങ്ങളിലൊന്നായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരി. അധ്യാപകൻ, പത്രാധിപർ തുടങ്ങിയ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയായിരുന്നു.  1939 ജൂൺ രണ്ടിന് തിരുവല്ലയിലായിരുന്നു ജനനം. ചെറുപ്പത്തിൽ തന്നെ സംസ്‌കൃതത്തിലും വേദ പുരാണങ്ങളിലും അറിവ് നേടി. കോളേജ് ജീവിതത്തിന് ശേഷം മലബാർ ക്രിസ്ത്യൻ കോളജിൽ ഇംഗ്ലീഷ് അധ്യാപകനായി. കൊല്ലം എസ്എൻ കോളേജിലും വിവിധ സർക്കാർ കോളേജുകളിലും അധ്യാപകനായിരുന്നു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിൽനിന്ന് ഇംഗ്ലീഷ് വകുപ്പ് മേധാവിയായി വിരമിച്ചു. ചെറുപ്പത്തിലേ കവിതകൾ ഏറെ പ്രിയപ്പെട്ടതായിരുന്നു. 1962 ൽ വിദ്യാലോകം മാസികയിലും മറ്റും ആദ്യകാല കവിതകൾ പ്രസിദ്ധീകരിച്ചു. പ്രകൃതിയും മാനുഷിക വൈകാരികഭാവങ്ങളും ഭാരതീയ ദർശനങ്ങളും വൈദിക പാരമ്പര്യവുമായിരുന്നു എഴുത്തിന്‍റെ അടിസ്ഥാനം.

സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം, പ്രണയഗീതങ്ങൾ, ഭൂമിഗീതങ്ങൾ, അതിർത്തിയിലേക്ക് ഒരു യാത്ര, ആരണ്യകം, അപരാജിത, ഉജ്ജയിനിയിലെ രാപ്പകലുകൾ, പരിക്രമം, ഉത്തരായനം, തുളസീദളങ്ങൾ, രസക്കുടുക്ക, വൈഷ്ണവം, കവിതയുടെ ഡി.എൻ.എ, അസാഹിതീയം, അലകടലുകളും നെയ്യാമ്പലുകളും. ഗാന്ധി, സസ്യലോകം, ഋതുസംഹാരം, കുട്ടികളുടെ ഷേക്‌സ്പിയർ, പുതുമുദ്രകൾ, വനപർവം, സ്വാതന്ത്ര്യസമരഗീതങ്ങൾ, ദേശഭക്തി കവിതകൾ, തുടങ്ങിയവയാണ് പ്രധാന കൃതികൾ.  2014 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാർഡുകളും എഴുത്തച്ഛൻ പുരസ്‌കാരവും ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.