പീഡനക്കേസില്‍ ബിജെപി നേതാവായ അധ്യാപകനെതിരെ കേസ്; പ്രതി ഒളിവില്‍; കേസ് നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതിന്

Jaihind News Bureau
Thursday, March 19, 2020

Child-Abuse

കണ്ണൂര്‍ പാനൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അധ്യാപകനെതിരെ പോലീസ് കേസെടുത്തു. ബി.ജെ.പി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് കൂടിയായ പത്മരാജനെതിരെയാണ് പോലീസ് കേസെടുത്തത്. അധ്യാപകന്‍ ഒളിവിലാണന്നും ഇയാള്‍ക്കായി അന്വേക്ഷണം ഊര്‍ജ്ജിതമാക്കിയതായും പോലീസ് അറിയിച്ചു.

പാനൂരിനടുത്തുളള ഒരു എയ്ഡഡ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിനിരയായത്. കഴിഞ്ഞ ജനുവരി 15നാണ് വിദ്യാര്‍ത്ഥി ആദ്യമായി പീഡിപ്പിക്കപ്പെട്ടത്. തുടര്‍ന്ന് മൂന്ന് തവണ അധ്യാപകന്‍ സ്കൂള്‍ ടോയ് ലറ്റില്‍ വെച്ച് പീഡിപ്പിച്ചതായും വിദ്യാര്‍ത്ഥിനി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥിനി സ്കൂളില്‍ പോകാന്‍ മടി കാണിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ അന്വേക്ഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്.

തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പാനൂര്‍ പോലീസിലും ചൈല്‍ഡ് ലൈനിലും പരാതി നല്‍കുകയായിരുന്നു. വിദ്യാര്‍ത്ഥിനി പീഡനത്തിന് ഇരയായതായി തലശേരി താലൂക്ക് ആശുപത്രിയില്‍ നടത്തിയ വൈദ്യ പരിശോധനയില്‍ വ്യക്തമായാതായി പോലീസ് പറ‍ഞ്ഞു. വിദ്യാര്‍ത്ഥിയെ പീഡനത്തിനിരയാക്കിയ പത്മരാജന്‍ ബി.ജെ.പി പ്രാദേശിക നേതാവും സംഘപരിവാര്‍ അനുകൂല അധ്യാപക സംഘടനയായ എന്‍.ടി.യു ജില്ലാ നേതാവുമാണ്.