കോഴിക്കോട് പോലീസ് ചോദ്യം ചെയ്തു വിട്ട യുവാവ് മണിക്കൂറുകള്‍ക്കകം മരിച്ചു : ദുരൂഹത

Jaihind Webdesk
Wednesday, April 27, 2022

കോഴിക്കോട്: ചെറുവണ്ണൂരിൽ പോലീസ് ചോദ്യംചെയ്യാൻ വിളിപ്പിച്ച യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. ബി സി റോഡിൽ നാറാണത് വീട്ടിൽ ജിഷ്ണു (28) ആണ് മരിച്ചത്. ഇയാള്‍ പോക്സോ കേസ് പ്രതിയാണ്. ഇന്നലെ രാത്രി ഒമ്പതോടെയാണ് നല്ലളം പോലീസ് വീട്ടിൽ എത്തി ജിഷ്ണുവിനെ ചോദ്യം ചെയ്യന്‍ വിളിപ്പിച്ചത്. രാത്രി ഒമ്പതരക്കാണ് വഴിയരികിൽ അത്യാസന്ന നിലയിൽ കണ്ട ജിഷ്ണുവിനെ നാട്ടുകാർ ആശുപത്രിയിൽ കൊണ്ടുപോയത്.

ജിഷ്ണുവിനെ ആശുപത്രിയിലേക്ക് കൊണ്ടു പോവുന്ന സമയത്ത് പോലീസ് ഉണ്ടായിരുന്നില്ല എന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബം ആരോപിക്കുന്നു. എന്നാൽ തങ്ങൾ ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് നല്ലളം പോലീസ് അറിയിച്ചു. കൽപറ്റ പോലീസ് സ്റ്റേഷനിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ജിഷ്ണുവിന്‍റെ വീട്ടിൽ എത്തിയിരുന്നു. ആ സമയം ജിഷ്ണു പുറത്തായിരുന്നു. അതിനാൽ വിളിപ്പിക്കുകയായിരുന്നു. എന്നാൽ ജിഷ്ണുവിനെ ഇതിന്‍റെ പേരിൽ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും മറ്റു നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും പോലീസ് അറിയിച്ചു.