കുട്ടികളുടെ മാനസിക സംഘർഷം കുറയ്ക്കാൻ വെബിനാര്‍ ; പോക്‌സോ കേസ് പ്രതിയെ പരിശീലകനാക്കി വി.എച്ച്.എസ്.ഇ

Jaihind News Bureau
Tuesday, October 6, 2020

തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയെ പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ പരിപാടിയില്‍ പരിശീലകനാക്കിയത് വിവാദത്തില്‍. രണ്ട് കേസുകളില്‍ പ്രതിയായ ഡോ. ഗീരിഷിനെയാണ് വി.എച്ച്.എസ്.ഇയുടെ വെബിനാറില്‍ പങ്കെടുപ്പിച്ചത്. കേസിലെ പ്രതിയെന്ന് അറിഞ്ഞില്ലെന്നാണ്  അധികൃതരുടെ വിശദീകരണം.

വി.എച്ച്.എസ്.ഇ വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സലിംഗ് സെല്ലിന്‍റെ  ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വെബിനാര്‍ ആണ് പോക്‌സോ പ്രതിയുടെ സാന്നിധ്യത്തെ തുടര്‍ന്ന് വിവാദത്തിലായത്. ‘കൊവിഡ് കാലത്തെ കുട്ടികളുടെ മാനസിക പിരിമുറുക്കം’ എന്ന വിഷയത്തെ കുറിച്ചുള്ള വെബിനാറില്‍ പ്രഭാഷണം നടത്തിയ ഡോ. ഗീരിഷ് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച രണ്ട് കേസുകളിലെ പ്രതിയാണ്.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സൈക്കോളജി വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസറും കൗണ്‍സിലറുമായിരുന്ന ഗീരിഷിനെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ വര്‍ഷമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.  സര്‍ക്കാര്‍ ജോലി തുടരുമ്പോള്‍ തന്നെ തിരുവനന്തപുരത്തും കൊച്ചിയിലുമായി പ്രാക്ടീസ് നടത്തിയിരുന്ന ഗിരീഷിന്‍റെ സ്വകാര്യ ക്ലിനിക്കില്‍വെച്ചാണ് 13 വയസുള്ള കുട്ടിക്കെതിരെ 2017 ഓഗസ്റ്റില്‍ പീഡന ശ്രമം നടന്നത്.

ടെലിവിഷന്‍ പരിപാടികളിലൂടെ പരിചിതനായ ഡോ.കെ ഗിരീഷ് മാനസികാരോഗ്യ പരിപാടിയുടെ മുന്‍ സംസ്ഥാന കോഡിനേറ്റര്‍ കൂടിയാണ്. ഇതിന് മുന്‍പ് ഇദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആദ്യ പോക്സോ കേസില്‍ കുട്ടിയുടെ അമ്മയുടെ പരാതി ഉന്നതതലങ്ങളിലെ ബന്ധത്തെ തുടര്‍ന്ന് ഒതുക്കി തീര്‍ക്കുകയായിരുന്നു എന്നാണ് ആരോപണം. വി.എച്ച്.എസ്.ഇ വെബിനാര്‍ വിവാദത്തിലായതോടെ ഇദ്ദേഹത്തിനെതിരേയുള്ള കേസിനെ കുറിച്ച് അറിയില്ല എന്നാണ് വി.എച്ച്.എസ്.ഇ അധികൃതരുടെ പ്രതികരണം. എന്നാല്‍ സിപിഎം ഉന്നതരുമായുള്ള അടുത്ത് ബന്ധവും പാർട്ടി ചാനലിലെ അടുത്ത സൗഹൃദങ്ങളുമാണ് പോക്‌സോ കേസുകളിലെ പ്രതിയായിട്ടും ഇയാളെ സംരക്ഷിക്കുന്നത് എന്നാണ് സൂചന.