പിഎന്‍ ബി അക്കൗണ്ട് തട്ടിപ്പ് ; കോഴിക്കോട് കോര്‍പ്പറേഷൻ കൗണ്‍സിലിൽ പ്രതിപക്ഷ പ്രതിഷേധം

Jaihind Webdesk
Saturday, December 17, 2022

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷൻ കൗണ്‍സിലിൽ പ്രതിപക്ഷ പ്രതിഷേധം. പഞ്ചാബ് നാഷണൽ ബാങ്കിലെ  കോര്‍പ്പറേഷൻ്റെ അക്കൗണ്ടുകളിൽ നിന്നും പണം തട്ടിയ സംഭവത്തിലാണ് പ്രതിഷേധം . 15 യുഡിഎഫ് കൗണ്‍സിലര്‍മാരെ മേയര്‍ ബീന ഫിലിപ്പ് സസ്പെൻഡ് ചെയ്തു.  വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും അടിയന്തരപ്രമേയത്തിന് അനുമതി തേടിയെങ്കിലും മേയര്‍ ഇത് തള്ളി.  പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം കടുപ്പിച്ചതോടെ കൗണ്‍സിൽ നടപടികൾ മേയര്‍ അൽപസമയത്തേക്ക് നിര്‍ത്തിവച്ചു.  മേയര്‍ തിരിച്ചെത്തിയപ്പോഴും യുഡിഎഫ് അംഗങ്ങൾ മുദ്രാവാക്യം വിളിയുമായി പ്രതിഷേധം തുടര്‍ന്നു. ഇതോടെ സഭാ ചട്ടം ലംഘിച്ചതിന് പ്രതിപക്ഷ നേതാവ് ശോഭിത കെ.സി. ഉൾപ്പെടെ പ്രതിഷേധത്തിൽ പങ്കെടുത്ത കൗൺസിലർമാരെ സസ്‌പെന്‍റ് ചെയ്തതായി മേയർ ബീന ഫിലിപ്പ് പ്രഖ്യാപിച്ചു. പ്രതിപക്ഷ ബഹളം തുടരുന്നതിനിടെ നിശ്ചയിച്ച അജണ്ട പാസാക്കി കൗൺസിൽ പിരിയുകയും ചെയ്തു.

ഇതോടെ യുഡിഎഫ് അംഗങ്ങൾ കൗണ്‍സിൽ ഹാളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.