‘പ്രധാനമന്ത്രിയുടെ പ്രസംഗം കേരള സ്റ്റോറിക്ക് പിന്നിലെ സംഘപരിവാർ ഗൂഢാലോചനയ്ക്ക് അടിവരയിടുന്നത്’: രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, May 6, 2023

 

ബംഗളുരു: കേരള സ്റ്റോറിക്ക് പിന്നിലെ സംഘപരിവാര്‍ ഗൂഢാലോചനയ്ക്ക് അടിവര ഇടുന്നതാണ് കര്‍ണ്ണാടകത്തിലെ ഹൂബ്ലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. പ്രധാനമന്ത്രിയെപ്പോലെ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു വ്യക്തി തിരെഞ്ഞെടുപ്പില്‍ വോട്ട് കിട്ടാന്‍ വേണ്ടി ഇത്തരത്തില്‍ പ്രചാരണം നടത്തുന്നത് ഒട്ടും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ടിഎസ്എല്ലിലെ ഔട്ടിൽ ബംഗളുരു സൗത്ത് മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥി ആർ.കെ രമേഷിന്‍റെ തെരഞ്ഞെടുപ്പ് യോഗം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൂബ്ലിയില്‍ പ്രസംഗിച്ച സന്ദര്‍ഭത്തില്‍ പ്രധാനമന്ത്രി കേരള സ്റ്റോറിയെ കോണ്‍ഗ്രസ് എതിര്‍ക്കുന്നു എന്നുപറഞ്ഞ് വിമര്‍ശനം നടത്തുകയുണ്ടായി. തീര്‍ച്ചയായും കോണ്‍ഗ്രസ് കേരള സ്‌റ്റോറിയെ എതിര്‍ക്കുന്നുണ്ട്. കാരണം കേരളത്തെപ്പറ്റി വളരെ മോശമായ കാഴ്ചപ്പാട് രാജ്യത്തും രാജ്യത്തിനും പുറത്തും നല്‍കാനുള്ള ശ്രമമാണ് ഈ കേരള സ്റ്റോറി. 32,000 ഹിന്ദുക്കളായ സ്ത്രീകള്‍ മുസ്ലീങ്ങളായി മതംമാറുന്നു എന്ന പ്രചരണം ഈ സ്റ്റോറിയില്‍ ഉണ്ടെന്നാണ് പ്രൊമോ കണ്ടപ്പോള്‍ മനസിലായത്. അത് ഒരിക്കലും ശരിയായ നടപടിയല്ല. ഈ സംസ്ഥാനത്തെ ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തിയാണ് ഞാൻ. ഇന്‍റലിജന്‍സിലൂടെ എല്ലാ വിവരങ്ങളും ലഭ്യമാണ്. ഇത്തരത്തില്‍ കേരളത്തില്‍ നടക്കാത്ത ഒരു കാര്യം നടന്നു എന്ന് പ്രചരിപ്പിച്ച് കേരളത്തിന്‍റെ യശസിനെയും മഹത്തായ മതേതര പാരമ്പര്യങ്ങളെയും തകര്‍ക്കാനുള്ള നീക്കമാണ് ഇതിന് പിന്നില്‍. ഇതിനെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

തീവ്രവാദത്തിനെതിരെ ഏറ്റവും വലിയ പോരാട്ടം നടത്തിയ പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. ആ പോരാട്ടത്തില്‍ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത് ഇന്ദിരാ ഗാന്ധിയെയും രാജീവ് ഗാന്ധിയെയുമാണ്. അങ്ങനെയുള്ള കോണ്‍ഗ്രസിനെ തീവ്രവാദത്തിനെതിരെയുള്ള പോരാട്ടം പഠിപ്പിക്കേണ്ടതില്ല എന്നാണ് മോദിയോട് പറയാനുള്ളത്. ഇതുപോലെ തന്നെയാണ് കക്കുകളി നാടകം. ഇത് ക്രൈസ്തവ സന്യസ്തരെ അപമാനിക്കാള്ള നീക്കമാണ്. ഇത്തരം നീക്കങ്ങളെ കോണ്‍ഗ്രസ് ഒരിക്കലും അംഗീകരിക്കുന്നില്ല. ഈ നീക്കങ്ങളൊക്കെ സമൂഹത്തില്‍ തമ്മിലടിക്കാനും മതങ്ങളെ ഇകഴ്ത്തിക്കാണിക്കാനുമുള്ള നീക്കമാണ്. അതുകൊണ്ട് ഇത്തരം നാടകങ്ങളും സിനിമകളും അവതരിപ്പിക്കുന്നവര്‍ സ്വയം പുറകോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു. എഐസിസി കോർഡിനേറ്റർ ഡി.കെ ബ്രിജേഷ്, മലയാളി കോൺഗ്രസ് കോൺഗ്രസ് പ്രസിഡന്‍റ് സുനിൽ തോമസ് മണ്ണിൽ ജയ്ഹിന്ദ് ടിവി എം.ഡി ബി.എസ് ഷിജു തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.