പോരാളി ഷാജി മുതല്‍ യെച്ചൂരി വരെ മുഖ്യമന്ത്രിക്കെതിരെ പറഞ്ഞു; പിണറായിക്ക് അതിന്‍റെ നിരാശയെന്ന് പി.എം.എ. സലാം

 

മലപ്പുറം: പോരാളി ഷാജി മുതൽ സീതാറാം യെച്ചൂരി വരെ മുഖ്യമന്ത്രിക്ക് എതിരെ തിരിഞ്ഞതിന്‍റെ അസഹിഷ്ണുതയും നിരാശയുമാണ് പിണറായി വിജയന്‍ ലീഗിനോട് തീർക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. മുസ്‌ലിം ലീഗിന്‍റെ മുഖം നഷ്ട്ടപ്പെട്ടോയെന്ന് നോക്കുന്നതിനു മുമ്പ് സ്വന്തം മുഖം വികൃതമാണോ എന്ന് മുഖ്യമന്ത്രി നോക്കുന്നത് നല്ലതാണെന്നും പി.എം.എ. സലാം പരിഹസിച്ചു.

എല്ലാവരും എതിരായതിന്‍റെ നിരാശ ആർക്കെങ്കിലും എതിരെ തീർക്കണം എന്നുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി ലീഗിന് എതിരെ തിരിഞ്ഞത്. തന്‍റെ മുഖം വികൃതമാണോയെന്ന് മുഖ്യമന്ത്രി ആദ്യം പരിശോധിക്കണം, എന്നിട്ടുമതി ലീഗിന്‍റെ മുഖം നോക്കാൻ. മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെ പോരാളി ഷാജി മുതൽ സീതാറാം യെച്ചൂരി വരെ വിമർശിക്കുന്നു. പാർട്ടി കമ്മിറ്റികളിലെല്ലാം  മുഖ്യമന്ത്രിക്ക് എതിരെ ആയിരുന്നു വിമർശനം. തനിക്കെതിരെ സിപിഎമ്മിൽ ഉയരുന്ന വിമർശനങ്ങളോടുള്ള അസഹിഷ്ണുതയാണ് പിണറായി വിജയൻ പ്രകടിപ്പിക്കുന്നതെന്നും പി.എം.എ. സലാം ചൂണ്ടിക്കാട്ടി.

അങ്ങാടിയിൽ തോറ്റതിന് അമ്മയോടെന്നതാണ് മുഖ്യമന്ത്രിയുടെ നിലപാട്. പരാജയം അംഗീകരിക്കാൻ മുഖ്യമന്ത്രി തയാറാവുന്നില്ല. തോൽവിയിലും വേണം ഒരു അന്തസ്. എന്നാല്‍ ഇടതുമുന്നണിയുടെ തോൽവിയില്‍ അന്തസു കാണുന്നില്ലെന്നും മുഖ്യമന്ത്രി പറയുന്നത് ഗൗരവമായി എടുക്കേണ്ടെന്നും പി.എം.എ. സലാം പറഞ്ഞു. മലപ്പുറത്തെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ സർക്കാർ അടിയന്തര പരിഹാരം കാണണമെന്നും ഇല്ലാത്ത പക്ഷം സമരം മുസ്‌ലിം ലീഗ് ഏറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Comments (0)
Add Comment