PM SHRI Scheme| പി.എം. ശ്രീ: പോര് രൂക്ഷം; എം.എ. ബേബിയുടെ മൗനം വേദനിപ്പിച്ചെന്ന് പ്രകാശ് ബാബു

Jaihind News Bureau
Sunday, October 26, 2025

കേന്ദ്രാവിഷ്‌കൃത വിദ്യാഭ്യാസ പദ്ധതിയായ പി.എം. ശ്രീയില്‍ കേരള സര്‍ക്കാര്‍ ഒപ്പുവെച്ചതിനെ തുടര്‍ന്ന് ഇടതുമുന്നണിയില്‍ (എല്‍.ഡി.എഫ്.) ഭിന്നത രൂക്ഷമായി. സി.പി.ഐയുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചുകൊണ്ട്, ഫണ്ട് നഷ്ടമാകുമെന്ന ആശങ്ക മുന്‍നിര്‍ത്തിയാണ് സര്‍ക്കാര്‍ പദ്ധതിയില്‍ ചേരാന്‍ തീരുമാനിച്ചത്. സി.പി.എം. ജനറല്‍ സെക്രട്ടറി എം.എ. ബേബി ഈ വിഷയത്തില്‍ മൗനം പാലിച്ചത് തന്നെ വേദനിപ്പിച്ചുവെന്ന് സി.പി.ഐ. ദേശീയ നിര്‍വാഹക സമിതി അംഗം കെ. പ്രകാശ് ബാബു തുറന്നടിച്ചതോടെ മുന്നണിയിലെ തര്‍ക്കം പുതിയ തലത്തിലെത്തി.

പി.എം. ശ്രീ വിവാദം ചര്‍ച്ച ചെയ്യുന്നതിനായി സി.പി.ഐ. ജനറല്‍ സെക്രട്ടറി ഡി. രാജ, എം.എ. ബേബിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പദ്ധതിയില്‍ ഒപ്പിട്ട നടപടി പുനഃപരിശോധിക്കുമോ എന്നും, തമിഴ്നാടിനെപ്പോലെ നിയമപോരാട്ടത്തിന് സര്‍ക്കാര്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും പ്രകാശ് ബാബു സി.പി.എം. ജനറല്‍ സെക്രട്ടറിയോട് ആരാഞ്ഞിരുന്നു. ഈ ചോദ്യങ്ങളോട് മൗനം പാലിച്ച എം.എ. ബേബിയുടെ പ്രതികരണം തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് പ്രകാശ് ബാബു പറഞ്ഞു. ‘വളരെയേറെ കഴിവുള്ള എം.എ. ബേബി ഈ വിഷയത്തില്‍ നിസ്സഹായത പ്രകടിപ്പിക്കുകയാണ് ചെയ്തത്. അതെന്തുകൊണ്ടാണെന്ന് അറിയില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വിഷയം സി.പി.ഐ.-സി.പി.എം. പാര്‍ട്ടികളുടെ ഏകീകൃത നിലപാടിന് മാറ്റം വരുത്തുമോ എന്ന ആശങ്കയും സി.പി.ഐ. അറിയിച്ചിരുന്നു.

വിദ്യാഭ്യാസ മേഖലയിലെ ‘കാവിവല്‍ക്കരണം’ നടപ്പാക്കാനുള്ള ആര്‍.എസ്.എസ്. അജണ്ടയാണിതെന്നും, പ്രത്യയശാസ്ത്രപരമായ നിലപാട് മാറ്റില്ലെന്നും സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നിലപാട് എടുത്തിരുന്നു. മന്ത്രിസഭയിലോ മുന്നണിയിലോ ചര്‍ച്ച ചെയ്യാതെ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന തീരുമാനം എടുത്തത് മുന്നണി മര്യാദകളുടെ ലംഘനമാണെന്ന് സി.പി.ഐ. ആരോപിച്ചു. ഫണ്ട് ലഭിക്കാനായി എന്‍.ഇ.പി. വ്യവസ്ഥകള്‍ സംസ്ഥാനത്ത് നടപ്പാക്കേണ്ടിവരുമെന്നും, ഇത് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നയങ്ങളെ ഇല്ലാതാക്കുമെന്നും സി.പി.ഐ. ആശങ്കപ്പെട്ടു.

സി.പി.ഐയുടെ കടുത്ത എതിര്‍പ്പിനെ തള്ളിയാണ് സംസ്ഥാന സര്‍ക്കാര്‍ പി.എം. ശ്രീയില്‍ ഒപ്പിടാന്‍ സമ്മതം അറിയിച്ചത്. പദ്ധതിയില്‍ ചേരാത്തതിനെ തുടര്‍ന്ന് സമഗ്ര ശിക്ഷാ കേരളയ്ക്ക് ലഭിക്കേണ്ടിയിരുന്ന 1186 കോടി രൂപയോളം ഉള്‍പ്പെടെയുള്ള കേന്ദ്ര ഫണ്ട് തടസ്സപ്പെട്ടതായിരുന്നു പ്രധാന കാരണം. ഏകദേശം 1466 കോടി രൂപയുടെ കേന്ദ്ര സഹായം വെറുതെ കളയേണ്ടതില്ല എന്ന നിലപാടാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി സ്വീകരിച്ചത്.

തീരുമാനത്തിനെതിരെ സി.പി.ഐ. മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ പോലും ശക്തമായ വിയോജിപ്പ് അറിയിച്ചിരുന്നു. പദ്ധതിയില്‍ ഒപ്പിട്ട തീരുമാനം തിരുത്തുന്നതുവരെ മന്ത്രിസഭാ യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കാനുള്ള കടുത്ത നിലപാടുകളും സി.പി.ഐ. പരിഗണിച്ചിരുന്നു. ഇതിനു പിന്നാലെ സി.പി.ഐ.യുടെ വിദ്യാര്‍ത്ഥി-യുവജന സംഘടനകള്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധ മാര്‍ച്ചുകളും നടത്തി.