PM SRI Project | പി എം ശ്രീ പദ്ധതിയില്‍ സിപിഎമ്മിലും ഭിന്നത ? തീരുമാനം പുനഃപരിശോധിക്കുമെന്ന സൂചന നല്‍കി എം.എ. ബേബി

Jaihind News Bureau
Tuesday, October 21, 2025

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പി എം ശ്രീ (PM SHRI) പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നതിനെച്ചൊല്ലി ഇടതുമുന്നണിയില്‍ വലിയ ഭിന്നത. സിപിഎമ്മിനുള്ളില്‍ത്തന്നെ പദ്ധതി നടപ്പാക്കാനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. പാര്‍ട്ടി സെക്രട്ടറി എം.എ. ബേബി നിലപാടിനെതിരേ രംഗത്തെത്തിയതോടെ, തീരുമാനം പുനഃപരിശോധിക്കാനുള്ള സാധ്യതയുമുണ്ട്. സിപിഎമ്മില്‍ പിണറായി വിജയന്റെ സ്വാധീനത്തെ മറികടക്കാന്‍ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യാനാണ് നീക്കം. കേന്ദ്രപദ്ധതിയോട് എതിര്‍പ്പുള്ള സിപിഐ പോലെ സമാന ചിന്തകളെ ഒരുമിപ്പിക്കുകയാണ് ഇതിനു പിന്നിലുള്ളത്.

പി.എം. ശ്രീ പദ്ധതി നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം പാര്‍ട്ടി നയത്തിന് വിരുദ്ധമാണെന്ന് എം.എ. ബേബി സൂചിപ്പിച്ചു. സാമ്പത്തിക ഞെരുക്കം നേരിടുന്ന കേരളത്തില്‍ കേന്ദ്രഫണ്ട് എങ്ങനെ വിനിയോഗിക്കാമെന്ന് പരിശോധിക്കുകയാണെന്നാണ് വിദ്യാഭ്യാസ മന്ത്രി ഇതിനെക്കുറിച്ച് വിശദീകരിച്ചതെങ്കിലും, സിപിഐ വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തില്‍ ഇടതുമുന്നണി ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നും ബേബി അറിയിച്ചു. സിപിഐയെ അവഗണിക്കില്ലെന്നും ദേശീയ വിദ്യാഭ്യാസ നയം ഒരു കാരണവശാലും കേരളം അംഗീകരിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന ഘടകം എടുക്കുന്ന തീരുമാനത്തില്‍ ആവശ്യമെങ്കില്‍ ദേശീയ നേതൃത്വം ഇടപെടുമെന്നും ബേബി വ്യക്തമാക്കി.

എല്‍ഡിഎഫിലോ മന്ത്രിസഭയിലോ ചര്‍ച്ച ചെയ്യാത്ത വിഷയത്തില്‍ സ്വന്തം നിലയ്ക്ക് വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുത്തതില്‍ സിപിഐ ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. പദ്ധതിയുടെ ഭാഗമായാല്‍ കേരളം ഉയര്‍ത്തിപ്പിടിക്കുന്ന ബദല്‍ രാഷ്ട്രീയ സമീപനം ഇല്ലാതാകുമോ എന്ന് ആശങ്കയുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. എതിര്‍പ്പറിയിക്കേണ്ടിടത്ത് അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാര്‍ നീക്കങ്ങള്‍:
പി.എം. ശ്രീയെ പരസ്യമായി എതിര്‍ത്തപ്പോഴും 2024-ല്‍ തന്നെ പദ്ധതിയില്‍ എം.ഒ.യു. ഒപ്പിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്രത്തെ അറിയിച്ചതായി തെളിവുകള്‍ പുറത്തുവന്നിരുന്നു. 2024 മാര്‍ച്ചില്‍ വിദ്യാഭ്യാസ സെക്രട്ടറി കേന്ദ്രത്തിന് കത്തയച്ചുവെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് പുറത്തിറക്കിയ കത്തില്‍ പറയുന്നു. നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സിപിഐയെ സമവായത്തിലൂടെ പദ്ധതി അംഗീകരിപ്പിക്കാനാണ് കേരള സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

തമിഴ്‌നാടിന്റെ മാതൃക:
ദേശീയ വിദ്യാഭ്യാസ നയം (NEP) അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച തമിഴ്നാട് സ്വന്തം നയം രൂപീകരിച്ച് കേന്ദ്രത്തിനെതിരെ പോരാട്ടം ശക്തമാക്കുകയാണ്. എന്‍.ഇ.പിയുടെ പ്രധാന നിബന്ധനകളെ എതിര്‍ത്ത തമിഴ്നാട്, സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്ര ഫണ്ട് നേടിയെടുത്തു. എന്‍.ഇ.പി.യില്‍ ഒപ്പിടാത്തതിനാല്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട 4,000 കോടി രൂപ കേന്ദ്രം തടഞ്ഞുവെക്കുകയും വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുന്നതിന് 450 കോടി രൂപ മാത്രം അനുവദിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കേരളവും സമാനമായൊരു നിലപാട് സ്വീകരിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകര്‍.