
കണ്ണൂര്‍: പിഎംശ്രീ പദ്ധതിയില്‍ ഒപ്പിട്ടതിനെതിരെ കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനും, വിദ്യാഭ്യാസ മന്ത്രിക്കുമെതിരെ കെ എസ് യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. കണ്ണൂര്‍ ഗസ്റ്റ്ഹൗസിന് സമീപത്ത് വെച്ചാണ് മുഖ്യമന്ത്രിയെ കെ എസ് യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്. സംഭവത്തില്‍ നിരവധി കെ.എസ്.യു. നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
കെ.എസ്.യു സംസ്ഥാന ജന. സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി, ജില്ലാ വൈസ് പ്രസിഡന്റ് ഹരികൃഷ്ണന്‍ പാളാട്, സൂരജ് പരിയാരം, അര്‍ജുന്‍ ചാലാട് തുടങ്ങിയവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വിദ്യാഭ്യാസ മന്ത്രിക്ക് നേരെയും കണ്ണൂരില്‍ കെ എസ് യു പ്രവര്‍ത്തര്‍ കരിങ്കൊടി വീശി പ്രതിഷേധിച്ചു. മന്ത്രിയെ തടയാന്‍ ശ്രമിച്ച കെ എസ് യു പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.
മുഖ്യമന്ത്രി ഉള്‍പ്പെടെ ജില്ലയിലുണ്ടായിരുന്ന പശ്ചാത്തലത്തില്‍ കനത്ത പൊലീസ് സുരക്ഷയെ മറികടന്നാണ് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നേരെ കെ എസ് യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്. കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുല്‍, ജില്ലാ ട്രഷറര്‍ അക്ഷയ് മാട്ടൂല്‍, ജില്ലാ സെക്രട്ടറി മുബാസ് സി എച്ച്, യാസീന്‍ കല്യാശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കി. ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.