CPI State Executive| പി.എം.ശ്രീ: സി.പി.ഐ-സി.പി.എം പോര് മുറുകുന്നു; സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ഇന്ന് ആലപ്പുഴയില്‍

Jaihind News Bureau
Monday, October 27, 2025

പി.എം.ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പിട്ടതുമായി ബന്ധപ്പെട്ട് മുന്നണിയിലെ രണ്ടാം കക്ഷിയായ സി.പി.ഐ. കടുത്ത പ്രതിഷേധത്തിലാണ്. വിഷയത്തിലെ ഭാവി പരിപാടികള്‍ തീരുമാനിക്കുന്നതിനായി പാര്‍ട്ടിയുടെ നിര്‍ണ്ണായക സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് രാവിലെ 10 മണിക്ക് ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേരും. സി.പി.ഐയുടെ ശക്തമായ എതിര്‍പ്പ് നിലനില്‍ക്കെ പദ്ധതിയില്‍ ഒപ്പിട്ടത് മുന്നണി മര്യാദകളുടെ ലംഘനമായാണ് പാര്‍ട്ടി വിലയിരുത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസമന്ത്രിയും മാത്രമാണ് മന്ത്രിസഭയുടെ അനുമതിയില്ലാതെ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

പദ്ധതി രണ്ട് തവണ കാബിനറ്റില്‍ ചര്‍ച്ചയ്ക്ക് വന്നപ്പോഴും നയപരമായ തീരുമാനം ആവശ്യപ്പെട്ട് സി.പി.ഐ. ഇടപെടലിനെ തുടര്‍ന്ന് മാറ്റിവെച്ചതായിരുന്നു. എന്നാല്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറിയായ വാസുകി ഐ.എ.എസ്. പദ്ധതിയില്‍ ഒപ്പിട്ടതോടെ സി.പി.ഐ. കടുത്ത അമര്‍ഷത്തിലാണ്. കേന്ദ്രസര്‍ക്കാരിന്റെ ആര്‍.എസ്.എസ്. അജണ്ടകള്‍ നടപ്പാക്കേണ്ടി വരുമെന്നതിനാലാണ് സി.പി.ഐ. ഈ പദ്ധതിയെ എതിര്‍ത്തത്. ഡല്‍ഹിയില്‍ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഖ്യമന്ത്രി കണ്ടതിന് പിന്നാലെയാണ് പദ്ധതിയില്‍ ഒപ്പിട്ടതെന്നതും ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചോദ്യം ചെയ്യുന്നുണ്ട്. സി.പി.ഐയുടെ എതിര്‍പ്പ് കണക്കിലെടുക്കാതെ ദേശീയ വിദ്യാഭ്യാസ നയത്തെ പിന്തുണച്ചുകൊണ്ട് പദ്ധതിയില്‍ ഒപ്പിട്ടത് സി.പി.ഐ.ക്ക് മുന്നണിയില്‍ പ്രാധാന്യം നഷ്ടപ്പെട്ടുവെന്ന തോന്നല്‍ ശക്തമാക്കിയിട്ടുണ്ട്. ഇതോടെ സി.പി.എമ്മും സി.പി.ഐയും നിലവില്‍ ഇരുധ്രുവങ്ങളിലായിരിക്കുകയാണ്.

ഇന്നത്തെ സംസ്ഥാന നിര്‍വ്വാഹക സമിതി യോഗത്തിന് ശേഷം വിഷയത്തില്‍ സര്‍ക്കാരിനെ പ്രതിഷേധം അറിയിക്കുന്നതിനുള്ള തുടര്‍നടപടികള്‍ സംബന്ധിച്ച് പാര്‍ട്ടി അന്തിമ തീരുമാനമെടുക്കും. സി.പി.ഐ. മന്ത്രിമാര്‍ മന്ത്രിസഭാ യോഗങ്ങളില്‍ നിന്ന് ബഹിഷ്‌കരിക്കണോ അതോ രാജി വെച്ച് പുറത്ത് നിന്ന് മുന്നണിക്ക് പിന്തുണ കൊടുക്കണോ എന്നതുള്‍പ്പെടെയുള്ള കര്‍ശനമായ നിലപാടുകള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടും. പദ്ധതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന അതൃപ്തിയുടെ പശ്ചാത്തലത്തില്‍, മുന്നണി ബന്ധത്തില്‍ സി.പി.ഐ. എടുക്കുന്ന നിലപാട് നിര്‍ണായകമാകും.