
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസ പദ്ധതിയായ പി എം ശ്രീയില്‍ ധാരണാപത്രം ഒപ്പിട്ടതുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സി.പി.എം. ശ്രമം നടത്തുന്നതിനിടെ, സി.പി.ഐ.യുടെ യുവജന-വിദ്യാര്‍ഥി സംഘടനകളായ എഐവൈഎഫ്, എഐഎസ്എഫ് പവര്‍ത്തകര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ ഓഫീസിലേക്കായിരുന്നു പ്രതിഷേധ പ്രകടനം.
മന്ത്രിയുടെ ഓഫീസിലേക്ക് ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. വിദ്യാഭ്യാസ മേഖലയെ വര്‍ഗീയ വല്‍ക്കരിക്കുകയും കച്ചവടവല്‍ക്കരിക്കുകയും ചെയ്യുന്ന അപകടകരമായ പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് എഐവൈഎഫ് നേതാക്കള്‍ വ്യക്തമാക്കി. ഒരു പ്രതിഷേധം സംഘടിപ്പിച്ചപ്പോള്‍ ചരിത്രത്തിലില്ലാത്ത നിലയില്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കൊടിയുടെ നിറം നോക്കി സമരം ചെയ്യുന്നവരല്ല തങ്ങളെന്നും നേതാക്കള്‍ വ്യക്തമാക്കി.
പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായ തീരുമാനവുമായി വിദ്യാഭ്യാസ മന്ത്രി മുന്നോട്ട് പോയാല്‍ കേരളത്തിന്റെ തെരുവില്‍ മന്ത്രിയെ നേരിടുമെന്ന് എഐവൈഎഫ് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. മന്ത്രിസ്ഥാനത്ത് ഇരിക്കുന്ന കാലത്തോളം പി എം ശ്രീ പദ്ധതി നടപ്പാക്കില്ലെന്ന് മന്ത്രി ശിവന്‍കുട്ടി നേരത്തെ ഉറപ്പ് നല്‍കിയിരുന്നതായി നേതാക്കള്‍ ഓര്‍മ്മിപ്പിച്ചു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും പി എം ശ്രീക്ക് ഒരേ സ്വഭാവമാണ്. എ.ബി.വി.പി. ഒഴികെയുള്ള എല്ലാ വിദ്യാര്‍ഥി സംഘടനകളും പദ്ധതിയെ എതിര്‍ത്തപ്പോഴും മന്ത്രി ഈ ഉറപ്പ് നല്‍കിയിരുന്നു. പി എം ശ്രീയില്‍നിന്ന് പിന്നോട്ട് പോയില്ലെങ്കില്‍ രക്തരൂക്ഷിതമായ സമരങ്ങള്‍ക്ക് കേരളത്തിലെ തെരുവിലേക്ക് ഇറങ്ങുമെന്നും സി.പി.ഐയുടെ യുവജന സംഘടനാ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
പി എം ശ്രീയില്‍ ഒപ്പിട്ടതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ‘ഇതെന്ത് സര്‍ക്കാരാണ്’ എന്നടക്കമുള്ള രൂക്ഷ വിമര്‍ശനങ്ങളുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി സി.പി.എം. അനുനയ നീക്കങ്ങള്‍ നടത്തിയത്.