V D Satheesan| പി എം ശ്രീ: മുഖ്യമന്ത്രിയെ ആര് ബ്ലാക്ക്‌മെയില്‍ ചെയ്തു?; യെച്ചൂരി ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ നടക്കുമായിരുന്നോ?; ചോദ്യങ്ങളുമായി വി ഡി സതീശന്‍

Jaihind News Bureau
Sunday, October 26, 2025

 

മന്ത്രിമാരോട് കള്ളത്തരം കാണിച്ചാണ് സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരിക്കലും ഒപ്പുവെക്കരുതെന്ന് സി.പി.ഐ. മന്ത്രിമാര്‍ ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ മൗനം അവലംബിച്ചു. ‘മുഖ്യമന്ത്രി പിണറായി വിജയനെ ആര് ബ്ലാക്ക് മെയില്‍ ചെയ്തു?’ എന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രി ഡല്‍ഹിയില്‍ പ്രധാനമന്ത്രിയേയും അമിത്ഷായേയും കണ്ടത് പത്താം തീയതി. പിഎം ശ്രീ ഒപ്പിട്ടത് പതിനാറാം തീയതി. ഡല്‍ഹിയില്‍ എന്ത് സംഭവിച്ചു എന്ന് മുഖ്യമന്ത്രി പറയണം. നയം കീഴ്‌മേല്‍ മറിഞ്ഞത് പത്താം തീയതിക്ക് ശേഷമാണ്. സി.പി.എം. ജനറല്‍ സെക്രട്ടറി എം.എ. ബേബി വിഷയത്തില്‍ വിധേയനെപ്പോലെ നില്‍ക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം സീതാറാം യെച്ചൂരി ആയിരുന്നെങ്കില്‍ ഇത് നടക്കുമായിരുന്നോ എന്നും ചോദിച്ചു.

ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് വേണ്ടിയുള്ള എല്ലാ ഒത്താശയും ചെയ്തത് ദേവസ്വം ബോര്‍ഡും ദേവസ്വം മന്ത്രിയുമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. വിഷയത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് ദേവസ്വം ബോര്‍ഡാണ്. സര്‍ക്കാര്‍ എല്ലാം മൂടിവെക്കാന്‍ ശ്രമിക്കുകയാണെന്നും, പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയെ സംരക്ഷിക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംരക്ഷണം തുടരുകയാണെങ്കില്‍, കേസില്‍ സര്‍ക്കാര്‍ തന്നെ പ്രതിയാകേണ്ടി വരുമെന്നും വി.ഡി. സതീശന്‍ മുന്നറിയിപ്പ് നല്‍കി.