V D Satheesan| പി.എം.ശ്രീ: പദ്ധതിയില്‍ ഒപ്പിട്ടത് എല്ലാവരെയും ഇരുട്ടില്‍ നിര്‍ത്തി; പിന്നില്‍ ബി.ജെ.പി-സി.പി.എം ബാന്ധവമെന്ന് വി.ഡി. സതീശന്‍

Jaihind News Bureau
Monday, October 27, 2025

തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയില്‍ കേരളം ഒപ്പിട്ടതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേന്ദ്രവുമായി കരാറില്‍ ഏര്‍പ്പെട്ടത് സംസ്ഥാന നേതൃത്വത്തെയും ഇടതുമുന്നണിയെയും മന്ത്രിസഭയെയും ഇരുട്ടില്‍ നിര്‍ത്തിയാണെന്നും, ഇതിനുപിന്നില്‍ ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ‘അവിഹിത ബാന്ധവം’ ആണെന്നും അദ്ദേഹം ആരോപിച്ചു.

‘കേന്ദ്ര നേതൃത്വം അറിഞ്ഞിട്ടില്ല, സംസ്ഥാന നേതൃത്വം അറിഞ്ഞിട്ടില്ല, ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടില്ല, മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്തിട്ടില്ല,’- സതീശന്‍ ചൂണ്ടിക്കാട്ടി. മറ്റ് മന്ത്രിമാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ പോലും, കരാറില്‍ ഒപ്പുവെച്ച കാര്യം മറച്ചുവെച്ചുകൊണ്ട് കൂടെയുള്ളവരെ കബളിപ്പിച്ചു എന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ തന്നെ പദ്ധതിയില്‍ ഒപ്പുവെക്കാന്‍ കേരളം സന്നദ്ധത പ്രകടിപ്പിച്ചതായി കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി വെളിപ്പെടുത്തിയിരുന്നു. 2024 ഫെബ്രുവരി 8-ന് കേന്ദ്രത്തിനെതിരെ സമരം ചെയ്ത സംസ്ഥാന സര്‍ക്കാര്‍ തന്നെ എല്ലാവരെയും കബളിപ്പിച്ചുകൊണ്ട് മാര്‍ച്ചില്‍ പദ്ധതിയില്‍ ഒപ്പിടാന്‍ സന്നദ്ധത അറിയിച്ചു. പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കണ്ടതിനു ശേഷം മുഖ്യമന്ത്രിക്ക് എന്ത് മാറ്റമാണുണ്ടായതെന്നും സതീശന്‍ ചോദിച്ചു.

പദ്ധതിയില്‍ ഒപ്പുവെച്ച നടപടി സി.പി.ഐയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഐയുടെ മന്ത്രി പദ്ധതിയില്‍ ഒപ്പിടരുതെന്ന് നിയമസഭയില്‍ പറഞ്ഞപ്പോള്‍, ഒപ്പുവെച്ചതിനുശേഷവും മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും അറിഞ്ഞുകൊണ്ട് മൗനം പാലിക്കുകയായിരുന്നുവെന്നും വി ഡി സതീശന്‍ ആരോപിച്ചു.

ലാവ്ലിന്‍ കേസില്‍ ഉള്‍പ്പെടെ പരസ്പരം ഒരു സഹായ സംഘം സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍ അത് അടിവരയിടുന്നതാണെന്നും സതീശന്‍ ആരോപിച്ചു. ‘എല്ലാവരെയും ഇരുട്ടില്‍ നിര്‍ത്തിയാണ് പദ്ധതിയില്‍ ഒപ്പിടാനുള്ള തീരുമാനം എടുത്തിരിക്കുന്നത്. ഇതിന്റെ പിന്നിലെ ദുരൂഹത എന്താണ്? എന്ത് ഗൂഢാലോചനയാണ് നടന്നിട്ടുള്ളത്?’ – എന്നും അദ്ദേഹം ചോദ്യമുയര്‍ത്തി.