UDSF STRIKE| പി.എം. ശ്രീ പദ്ധതി: കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ യു.ഡി.എസ്.എഫിന്‍റെ വിദ്യാഭ്യാസ ബന്ദ്

Jaihind News Bureau
Tuesday, October 28, 2025

കേന്ദ്ര സര്‍ക്കാരിന്റെ ‘പി.എം. ശ്രീ’ പദ്ധതിയില്‍ കേരള സര്‍ക്കാര്‍ ഒപ്പിട്ട നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എസ്.എഫ് സംസ്ഥാന കമ്മിറ്റി നാളെ സമ്പൂര്‍ണ്ണ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. ഈ ബന്ദില്‍ നിന്ന് യൂണിവേഴ്‌സിറ്റി പരീക്ഷകളെയും പൊതു പരീക്ഷകളെയും ഒഴിവാക്കിയിട്ടുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ തങ്ങളുടെ എതിര്‍പ്പ് ശക്തമാക്കുന്നതിന്റെ സൂചനയാണിത്. സര്‍ക്കാര്‍ ഈ പദ്ധതിയില്‍ ഒപ്പിട്ടതിനെതിരെ വലിയ വിമര്‍ശനങ്ങളാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്.

പി.എം. ശ്രീ പദ്ധതി വിഷയത്തില്‍ ഭരണകക്ഷിയായ സി.പി.ഐയും കടുത്ത നിലപാടിലാണ്. പദ്ധതി അംഗീകരിച്ചതിലുള്ള എതിര്‍പ്പുകള്‍ രമ്യമായി പരിഹരിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനുമായി സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. അനുനയ ശ്രമങ്ങള്‍ തള്ളിക്കൊണ്ട് ശക്തമായ രാഷ്ട്രീയ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് സി.പി.ഐയുടെ തീരുമാനം. ആലപ്പുഴയില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷം ബിനോയ് വിശ്വം സി.പി.ഐ. മന്ത്രിമാരുമായും സംസ്ഥാന നേതാക്കളുമായും വീണ്ടും ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയിലാണ് നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് സി.പി.ഐ. മന്ത്രിമാര്‍ വിട്ടുനില്‍ക്കാനുള്ള സുപ്രധാന തീരുമാനം സംസ്ഥാന നേതൃത്വം കൈക്കൊണ്ടത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സി.പി.ഐ. എടുത്തിരിക്കുന്ന ഈ കടുത്ത നിലപാട് സി.പി.എമ്മിനും സംസ്ഥാന സര്‍ക്കാരിനും രാഷ്ട്രീയപരമായി വലിയ തിരിച്ചടിയാണ് നല്‍കുന്നത്.