
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് . പദ്ധതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കാനുള്ള സര്‍ക്കാര്‍ നീക്കം സിപിഐയെ അനുനയിപ്പിക്കാനുള്ള ഒരു ‘മയക്കുവെടി’ മാത്രമാണെന്ന് അദ്ദേഹം പരിഹസിച്ചു. ഇത് വെറും രാഷ്ട്രീയ ഒത്തുതീര്‍പ്പിനായുള്ള അടവുനയം മാത്രമാണെന്നും സണ്ണി ജോസഫ് കുറ്റപ്പെടുത്തി.
‘മയക്കുവെടിയേറ്റോ എന്ന് പറയേണ്ടത് സിപിഐയാണ്. പദ്ധതി മരവിപ്പിക്കാം എന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശം പ്രായോഗികമല്ല. ധാരണാപത്രം റദ്ദാക്കാന്‍ കേന്ദ്രത്തിന് മാത്രമാണ് അധികാരമുള്ളത്. ഇത് ജനങ്ങളെ കബളിപ്പിക്കുന്ന നടപടിയാണ്,’ സണ്ണി ജോസഫ് പറഞ്ഞു.
ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഒത്തുകളി പകല്‍ പോലെ വ്യക്തമാണെന്നും അദ്ദേഹം ആരോപിച്ചു. പിഎം ശ്രീ പദ്ധതി വിഷയത്തില്‍ കേന്ദ്രസര്‍ക്കാരുമായി നടന്ന ചര്‍ച്ചകളെക്കുറിച്ചും സണ്ണി ജോസഫ് നിലപാട് വ്യക്തമാക്കി. ദില്ലിയിലെ ഈ ചര്‍ച്ചകള്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങളുടെ ഭാഗമായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ചര്‍ച്ചകള്‍ ശുഭകരമായിരുന്നു. ഞങ്ങള്‍ ഐക്യത്തോടെ മുന്നോട്ട് പോകും. സംഘടനാ ശാക്തീകരണത്തിനായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെപിസിസി യോഗം ചേരുന്നതിനുള്ള തീയതി ഉടന്‍ തീരുമാനിക്കുമെന്നും സണ്ണി ജോസഫ് അറിയിച്ചു.