Youth Congress| പിഎം ശ്രീ പദ്ധതി: സംസ്ഥാന സര്‍ക്കാര്‍ ആര്‍ എസ് എസ് ഭീഷണിക്ക് വഴങ്ങി; ആത്മാഭിമാനമുണ്ടെങ്കില്‍ സിപിഐ എല്‍ഡിഎഫിന് പുറത്തുവരണമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി

Jaihind News Bureau
Friday, October 24, 2025

പി.എം. ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ചത് ആര്‍.എസ്.എസ്സിന്റെ ഭീഷണിക്ക് വഴങ്ങിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ദുല്‍ഖിഫില്‍ ആരോപിച്ചു. പി.എം. ശ്രീ പദ്ധതിക്കെതിരെ സി.പി.ഐ. ആത്മാര്‍ത്ഥതയോടെയാണ് നിലപാട് സ്വീകരിക്കുന്നതെങ്കില്‍, ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും എല്‍.ഡി.എഫ്. മുന്നണിയില്‍ നിന്ന് പുറത്തുവരികയും വേണമെന്ന് ദുല്‍ഖിഫില്‍ ആവശ്യപ്പെട്ടു.

അല്ലാത്തപക്ഷം, സി.പി.എം. ആര്‍.എസ്.എസ്സിന് വഴങ്ങി എടുത്ത തീരുമാനത്തിനെതിരായി വരുന്ന പ്രതിഷേധത്തെ തണുപ്പിക്കാന്‍ വേണ്ടി സി.പി.ഐ. നടത്തിയ രക്ഷാപ്രവര്‍ത്തനമായി മാത്രമേ ഈ നിലപാടിനെ കാണാന്‍ സാധിക്കൂ എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ‘ചരിത്രം നിങ്ങളെ വര്‍ഗ്ഗ വഞ്ചകരുടെ പട്ടികയില്‍പ്പെടുത്തും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല,’ ദുല്‍ഖിഫില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു