KSU| പി.എം. ശ്രീ പദ്ധതി: വിദ്യാഭ്യാസ മേഖലയെ സംഘപരിവാറിന് വിറ്റു; വലിയ ഡീലിന്റെ ഭാഗമെന്നും കെ.എസ്.യു.

Jaihind News Bureau
Friday, October 24, 2025

കേന്ദ്ര സര്‍ക്കാരിന്റെ പി.എം. ശ്രീ പദ്ധതിയില്‍ സംസ്ഥാനം ഒപ്പു വച്ചതിനെതിരെ കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ സംഘപരിവാറിന് തുറന്നു നല്‍കുന്നതിന് തുല്യമാണ് ഈ നീക്കം. ഇത് വരും തലമുറയോട് ചെയ്ത പാതകമാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഒരു വലിയ ‘ഡീലിന്റെ’ ഭാഗമാണെന്നും അദ്ദേഹം തുറന്നടിച്ചു.

സി.പി.എമ്മിന്റെ നടപടി മുന്നണി മര്യാദകള്‍ ലംഘിച്ചുകൊണ്ടുള്ളതും ഘടകകക്ഷികളെ പോലും പരിഗണിക്കാതെയുള്ളതുമാണ് എന്നും അലോഷ്യസ് സേവ്യര്‍ കുറ്റപ്പെടുത്തി. ഈ നീക്കം തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട വിഷയം സംസ്ഥാന എക്‌സിക്യൂട്ടീവ് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം സൂചന നല്‍കി.

അതേസമയം കര്‍ണാടകയിലും തെലങ്കാനയിലും ധാരണാപത്രങ്ങളില്‍ ഒപ്പിട്ട സമയത്ത് ഭരണം ബി.ജെ.പി. സര്‍ക്കാരുകള്‍ക്ക് ആയിരുന്നുവെന്നും, കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അല്ലെന്നും അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.