തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഏകപക്ഷീയമായി ഒപ്പുവെച്ച വിഷയത്തില്‍ സി.പി.ഐ. മന്ത്രിമാര്‍ ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ ശക്തമായ എതിര്‍പ്പ് ഉന്നയിക്കും. മന്ത്രിസഭയിലോ ഭരണമുന്നണിയിലോ ചര്‍ച്ച ചെയ്യാതെ പദ്ധതിയുമായി മുന്നോട്ട് പോയ നിലപാടിനെതിരെയാണ് സി.പി.ഐയുടെ പ്രതിഷേധം.
പി.എം. ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചതിലൂടെ, 2020-ലെ ദേശീയ വിദ്യാഭ്യാസ നയം സംസ്ഥാനത്ത് പൂര്‍ണതോതില്‍ നടപ്പാക്കേണ്ടി വരുമെന്ന ആശങ്കയാണ് സി.പി.ഐ. ഉള്‍പ്പെടെയുള്ളവര്‍ ഉന്നയിക്കുന്നത്. പദ്ധതിയുടെ രേഖകളില്‍ ഇത് വ്യക്തമാക്കുന്നുണ്ടെന്നാണ് സി.പി.ഐ.യുടെ വിലയിരുത്തല്‍. പദ്ധതിയുമായി ബന്ധപ്പെട്ട് സി.പി.എമ്മിനും സി.പി.ഐ.ക്കും പൊതുവെ വിയോജിപ്പുകളുണ്ട്. സംസ്ഥാന സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും കേന്ദ്ര നയങ്ങളെ എതിര്‍ക്കുമ്പോഴും, സുപ്രധാനമായ ഒരു പദ്ധതിയില്‍ ധാരണാപത്രം ഒപ്പുവെച്ചത് മുന്നണി മര്യാദകളുടെ ലംഘനമാണെന്ന് സി.പി.ഐ കണക്കാക്കുന്നു.
ഇന്നത്തെ മന്ത്രിസഭാ യോഗത്തിന്റെ അജണ്ടയില്‍ പി.എം. ശ്രീ പദ്ധതി വിഷയം ഉള്‍പ്പെടുത്തിയിട്ടില്ല. എങ്കിലും വിഷയം വലിയ രാഷ്ട്രീയ വിവാദമായ സാഹചര്യത്തില്‍, സി.പി.ഐ. മന്ത്രിമാര്‍ വിഷയം യോഗത്തില്‍ ഉന്നയിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടാന്‍ സാധ്യതയുണ്ട്. ഏകപക്ഷീയമായ ഈ നീക്കത്തിനെതിരെ യോഗത്തില്‍ കടുത്ത വിമര്‍ശനമുയര്‍ന്നാല്‍ അത് മന്ത്രിസഭയ്ക്കുള്ളില്‍ തന്നെ തര്‍ക്കങ്ങള്‍ക്ക് വഴിവെച്ചേക്കാം.
പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദം സി.പി.ഐ.യുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് വിരുദ്ധമായതിനാല്‍, വിഷയം ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കുന്ന സി.പി.ഐ. സംസ്ഥാന നേതൃയോഗത്തിലും ചര്‍ച്ച ചെയ്യും. മന്ത്രിസഭാ യോഗത്തില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ക്ക് അന്തിമ രൂപം നല്കുന്നതില് ഈ യോഗം നിര്‍ണായകമാകും. സി.പി.ഐ.യുടെ എതിര്‍പ്പ് ശക്തമാവുകയാണെങ്കില്‍, പദ്ധതിയുടെ തുടര്‍നടപടികള്‍ സര്‍ക്കാരിന് നിര്‍ത്തിവെക്കേണ്ടി വന്നേക്കാം. അല്ലെങ്കില്‍ എന്‍.ഇ.പി. നടപ്പാക്കുന്നത് സംബന്ധിച്ചുള്ള നിബന്ധനകളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ കേന്ദ്രത്തോട് ആവശ്യപ്പെടേണ്ടി വരും.