
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയില്‍ ഉടലെടുത്ത തര്‍ക്കം രൂക്ഷമാകുന്നു. പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നല്‍കണമെന്ന നിലപാടില്‍ ഉറച്ചുനില്ുകയാണ് സിപിഐ. നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനില്‍ക്കുമെന്ന് അറിയിച്ചു. ഇത് മുന്നണിക്കുള്ളിലെ പ്രതിസന്ധി കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്.
പിഎം ശ്രീ പദ്ധതിയില്‍ കേരളം അംഗമാകുന്നത് കേന്ദ്രസര്‍ക്കാരിന് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ ഇടപെടാന്‍ വഴിയൊരുക്കുമെന്നാണ് സിപിഐയുടെ പ്രധാന വാദം. ഇത് സംസ്ഥാനത്തിന്റെ അധികാരങ്ങളെ ചോദ്യം ചെയ്യുന്ന നീക്കമാണെന്നും സിപിഐ വിലയിരുത്തുന്നു. അതിനാല്‍, പദ്ധതിയില്‍ നിന്ന് പൂര്‍ണ്ണമായി പിന്‍വാങ്ങണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നല്‍കണമെന്ന ഉറച്ച നിലപാടിലാണ് സിപിഐ നേതൃത്വം.
പദ്ധതിയില്‍ ഒരു മെല്ലെപ്പോക്ക് നയം സ്വീകരിക്കണമെന്നും, പദ്ധതിയുടെ വിവിധ വശങ്ങള് പഠിക്കാന്‍ ഒരു സമിതിയെ നിയോഗിക്കാമെന്നുമുള്ള സിപിഎം നിര്‍ദ്ദേശങ്ങള്‍ സിപിഐ നേതൃത്വം തള്ളിക്കളഞ്ഞു. ഈ നിര്‍ദ്ദേശങ്ങള്‍ പ്രശ്നത്തിന് ശാശ്വത പരിഹാരമല്ലെന്നും, ഉടന്‍ പദ്ധതിയില്‍ നിന്ന് പിന്‍വാങ്ങണമെന്നുമാണ് സിപിഐയുടെ ആവശ്യം. പ്രതിസന്ധി ചര്‍ച്ച ചെയ്യുന്നതിനും ഭാവി നിലപാടുകള്‍ തീരുമാനിക്കുന്നതിനുമായി സിപിഐ നേതൃയോഗങ്ങള്‍ വിളിച്ചിട്ടുണ്ട്. നവംബര്‍ 4 ന് സംസ്ഥാന കൗണ്‍സില്‍ യോഗവും നവംബര്‍ 5 മുതല്‍ ജില്ലാ നേതൃയോഗങ്ങളും നടക്കും.
മന്ത്രിമാരെ പിന്‍വലിക്കുന്നത് അടക്കമുള്ള കടുത്ത നിലപാടുകള്‍ സ്വീകരിക്കണമെന്ന ആവശ്യം സിപിഐയില്‍ ഭൂരിപക്ഷത്തിനും ഉണ്ടെന്നാണ് സൂചന. ഒരു ചര്‍ച്ചയ്ക്ക് കൂടി വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന കൗണ്‍സില്‍ യോഗം നവംബര്‍ നാലാം തീയതിയിലേക്ക് നീട്ടിവെച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.