PM SHRI Project | പി.എം.ശ്രീ പദ്ധതി: കത്തയച്ചില്ലെന്ന് സി.പി.ഐ വീണ്ടും ഓര്‍മ്മിപ്പിച്ചു; വിദ്യാഭ്യാസ മന്ത്രിയുടെ കത്ത് ആമവേഗത്തില്‍ കേന്ദ്രത്തിന്

Jaihind News Bureau
Wednesday, November 12, 2025

തിരുവനന്തപുരം: പി.എം.ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ കേരളം കേന്ദ്രത്തിന് കത്തയച്ചു. സിപിഐ സമ്മര്‍ദ്ദം ചെലുത്തി നേടിയെന്നു പറയപ്പെടുന്ന കത്ത് ഇഴഞ്ഞു നീങ്ങിയാണ് ഇവിടെ വരെ എത്തിയത്. നടപടികള്‍ക്ക് ആമവേഗമായിരുന്നു എന്നു പറയുന്നത് അതിശയോക്തിയല്ല.

കഴിഞ്ഞ മാസം 29-ന് മന്ത്രിസഭാ യോഗം പി.എം.ശ്രീയില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചതായി അറിയിപ്പു വന്നിട്ടും ആ ‘നിര്‍ണ്ണായക’ കത്ത് അയക്കാന്‍ വിദ്യാഭ്യാസ വകുപ്പ കാട്ടിയത് ‘അതിമാനുഷിക വേഗത’യാണ്. ഏകദേശം രണ്ടാഴ്ചയോളം കത്ത് അക്ഷരത്തെറ്റ് തിരുത്തി മൂര്‍ച്ച കൂട്ടുകയായിരുന്നു. ഒടുവില്‍, ക്ഷമ നശിച്ച സി.പി.ഐ മന്ത്രിമാരായ കെ. രാജനും പി. പ്രസാദും നേരിട്ട് ചെന്ന് ‘കടുപ്പിച്ചപ്പോള്‍’ മാത്രമാണ്, ‘അയ്യോ കത്ത് മറന്നുപോയല്ലോ’ എന്ന ഭാവത്തില്‍ മന്ത്രി ശിവന്‍കുട്ടി കത്തയച്ചത് എന്നാണ് വിവരം.

‘പദ്ധതിയില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം കേന്ദ്രത്തെ അറിയിച്ചു എന്ന് മന്ത്രി വി. ശിവന്‍കുട്ടി പറയുമ്പോഴും കേന്ദ്രത്തില്‍ അതു കിട്ടുമ്പോള്‍ അവര്‍ വായിച്ചോട്ടെ എന്ന മട്ടിലാണ് അയച്ചിരിക്കുന്നത്. ഒരു വശത്ത് സി.പി.ഐ ‘ഞങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തി, കത്തയപ്പിച്ചു’ എന്ന് പറഞ്ഞ് ആശ്വാസം കൊള്ളുമ്പോള്‍, മറുവശത്ത് കേന്ദ്രം എസ്.എസ്.കെ. ഫണ്ട് അനുവദിച്ചുവെന്ന ‘സന്തോഷവാര്‍ത്ത’യും ഉണ്ട്. ഇത് ശരിക്കും സി.പി.ഐക്ക് കിട്ടിയ ‘സ്വീറ്റ് പോയിസണ്‍’ ആണോ എന്നും സംശയിക്കണം. കാരണം, ഫണ്ട് തടഞ്ഞുവെച്ചതിനെതിരെ ശബ്ദമുയര്‍ത്തിയവര്‍ക്ക്, ഫണ്ട് കിട്ടിയപ്പോള്‍ പ്രതിഷേധത്തിന്റെ മൂര്‍ച്ച കുറഞ്ഞതായാണ് കാണുന്നത്. പി.എം.ശ്രീയില്‍ ഒപ്പിടാന്‍ സമ്മതമല്ലെങ്കില്‍ ഫണ്ടുമില്ല’ എന്ന കേന്ദ്രത്തിന്റെ പഴയ നിലപാിന് മാറ്റം വന്നത് ഈ ‘ ഒപ്പിടല്‍ നാടക’ത്തിന് ശേഷമാണ്.

യഥാര്‍ത്ഥത്തില്‍, പി.എം.ശ്രീ പോലുള്ള കേന്ദ്ര പദ്ധതികളില്‍ ഒരു സംസ്ഥാനം ഒപ്പിട്ടു കഴിഞ്ഞാല്‍, അതില്‍ നിന്ന് പിന്മാറുക എന്നത് ഏറെക്കുറെ അസാധ്യമാണ്. കരാര്‍ വ്യവസ്ഥകള്‍ അത്രയേറെ സങ്കീര്‍ണ്ണമാണ്. എന്നിരിക്കെ, ഈ കത്തയക്കല്‍ വെറും ‘കണ്ണില്‍പ്പൊടിയിടല്‍’ മാത്രമാണോ? സി.പി.ഐയെ തൃപ്തിപ്പെടുത്താനും, കേന്ദ്രവുമായി നേരിട്ടുള്ള ഏറ്റുമുട്ടല്‍ ഒഴിവാക്കാനും വേണ്ടിയുള്ള ഒരു ‘തന്ത്രപരമായ കത്ത്’ മാത്രമായി ഇത് മാറിയതായും സംശയിക്കണം.

സി.പി.ഐയുടെ ഈ ‘വിജയം’ വെറും കച്ചിത്തുരുമ്പില്‍ പിടിച്ചു നില്‍ക്കുന്നതിന് തുല്യമാണ്. പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ കഴിഞ്ഞില്ല, പക്ഷേ ഞങ്ങള്‍ കത്തയച്ചു’ എന്ന് പറഞ്ഞ് സി.പി.ഐക്ക് വീണ്ടും ജനങ്ങള്‍ക്ക് മുന്നില്‍ ‘തോറ്റില്ല’ എന്ന് വരുത്തിത്തീര്‍ക്കാം. ചുരുക്കത്തില്‍, പി.എം.ശ്രീ വിഷയത്തില്‍ ഇടതു പക്ഷം കേരളത്തെ ഒറ്റു കൊടുക്കുകയായിരുന്നു. സിപിഐയുടേയും സിപിഎമ്മിന്റേയും ഒത്തുകളി ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. അതിന് അവര്‍ തിരഞ്ഞെടുപ്പില്‍ മറുപടി നല്‍കും