PINARAYI MODI| പി.എം. ശ്രീ ധാരണാപത്രം: പിന്‍മാറ്റം ഏറെക്കുറെ അസാധ്യം; സി.പി.ഐക്ക് നല്‍കിയ ഉറപ്പ് കടലാസില്‍ മാത്രം

Jaihind News Bureau
Wednesday, October 29, 2025

സിപിഐയുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് പി.എം.ശ്രീ പദ്ധതിയുടെ ധാരണാപത്രത്തില്‍ നിന്ന് പിന്‍മാറാമെന്ന് മുഖ്യമന്ത്രിയും സി.പി.എമ്മും ഉറപ്പുനല്‍കിയിട്ടുണ്ടെങ്കിലും, ഇത് പ്രാവര്‍ത്തികമാക്കുക എന്നത് എളുപ്പമല്ല. ഈ കരാറില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന് ഏകപക്ഷീയമായി പിന്‍മാറാന്‍ കഴിയില്ല. പിന്‍മാറ്റത്തിന് കേന്ദ്രവും സംസ്ഥാനവും തമ്മില്‍ ഒരു ധാരണയിലെത്തേണ്ടതുണ്ട്. ഫലത്തില്‍, സി.പി.ഐക്ക് നല്‍കിയ വാക്ക് പാലിക്കണമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും അനുമതി നേടേണ്ടിവരും.

7 അംഗങ്ങളുള്ള മന്ത്രിസഭ ഉപസമിതിയെ പിഎംശ്രീ പദ്ധതിയെ കുറിച്ച് പഠിക്കാന്‍ നിയോഗിച്ചിരിക്കുന്നുവെന്നാണ് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. ഇത് കറങ്ങിത്തിരിഞ്ഞ് പദ്ധതി നടപ്പാക്കുന്നതില്‍ എത്തിച്ചേരുമെന്ന് ഉറപ്പാണ്. അതിനാല്‍ മുഖ്യമന്ത്രി സിപിഐയ്ക്ക മുന്നില്‍ മുട്ടുമടക്കിയതല്ല, അടവുനയത്തിന്റെ ഭാഗമായുള്ള നിലപാടുകളാണ് ഇതെല്ലാം എന്ന് വ്യക്തമാകുകയാണ്.

കരാറില്‍ നിന്ന് പിന്‍വാങ്ങുന്നതിന് 30 ദിവസത്തെ സമയപരിധി വ്യവസ്ഥയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സമയപരിധി അടക്കമുള്ള നിയമപരമായ നൂലാമാലകള്‍ പിന്‍മാറ്റം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്. കൂടാതെ, പിന്‍മാറ്റം സംസ്ഥാനത്തിന് വലിയ സാമ്പത്തിക നഷ്ടവും ഉണ്ടാക്കും. സമഗ്ര ശിക്ഷാ കേരള ഫണ്ടും പി.എം.ശ്രീ ഫണ്ടുമായി സംയോജിപ്പിച്ചതിനാല്‍, പി.എം.ശ്രീയില്‍ നിന്ന് പിന്‍മാറിയാല്‍ ഈ ഫണ്ടും സംസ്ഥാനത്തിന് നഷ്ടമാകും. അടിയന്തരമായി പിന്‍മാറ്റം സാധ്യമാക്കണമെങ്കില്‍ സുപ്രീം കോടതിയെ സമീപിച്ച് അനുകൂലമായ ഉത്തരവ് നേടേണ്ടിവരും.

കൂടാതെ, മന്ത്രിസഭായോഗത്തിന്റെ തീരുമാനപ്രകാരമല്ല ധാരണാപത്രം ഒപ്പിട്ടതെന്ന ആരോപണം സി.പി.ഐ നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്. അതിനാല്‍, കരാര്‍ ഒപ്പിട്ടതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങേണ്ടതുമുണ്ട്. ഇത്രയും സങ്കീര്‍ണ്ണമായ നിയമവശങ്ങള്‍ മറികടന്നാല്‍ മാത്രമേ സി.പി.ഐക്ക് നല്‍കിയ ഉറപ്പ് നടപ്പിലാക്കാന്‍ കഴിയൂ. നിലവിലെ സാഹചര്യത്തില്‍, സി.പി.എം ഒരു ചുവട് പിന്നോട്ട് വെച്ച് സി.പി.ഐക്ക് മുന്നില്‍ വഴങ്ങിയത് സി.പി.ഐയുടെ വലിയൊരു രാഷ്ട്രീയ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.