കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ ‘പി.എം. ശ്രീ’ പദ്ധതി സംബന്ധിച്ച് എല്‍.ഡി.എഫിലെ അനൈക്യം പ്രകടമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. പദ്ധതിയെക്കുറിച്ച് സി.പി.ഐ. സ്വീകരിച്ച നിലപാട് ഉറച്ചതാണോ എന്ന് അവര്‍ തെളിയിക്കട്ടെ എന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്രത്തിന്റെ ‘പി.എം. ശ്രീ’ പദ്ധതിയില്‍ ഉപാധികളില്ലാതെ കേന്ദ്ര ഫണ്ട് വാങ്ങുന്നതില്‍ തെറ്റില്ല. അര്‍ഹതപ്പെട്ട പണം സംസ്ഥാനത്തിന് കിട്ടുന്നത് അവകാശമാണ്. എന്നാല്‍, പദ്ധതി നടപ്പിലാക്കുന്നതിലെ വ്യവസ്ഥകളാണ് സി.പി.ഐ. എതിര്‍ക്കുന്നത്. ഈ വിഷയത്തില്‍ സി.പി.ഐ. നിലപാട് മാറ്റുമോ എന്നതിനെ ആശ്രയിച്ചിരിക്കും മുന്നണിയിലെ തുടര്‍ന്നുള്ള കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് കെ.സി. വേണുഗോപാല്‍ സജീവമായി ഇടപെടുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി, ഈ വിഷയം താന്‍ നേരത്തെയും പറഞ്ഞിട്ടുള്ളതാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടി ദേശീയ തലത്തില്‍ നേതാവായിരുന്നപ്പോഴും കേരളത്തില്‍ സജീവമായിരുന്നു. അതുപോലെ കെ.സി. വേണുഗോപാലും സംസ്ഥാനത്ത് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല വിഷയത്തില്‍ കോടതി പറഞ്ഞ കാര്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറുണ്ടോ എന്ന് സണ്ണി ജോസഫ് ചോദിച്ചു. ഗൂഢാലോചനയില്‍ ആരൊക്കെ പങ്കാളിയാണെന്ന് തെളിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടും അന്വേഷണം ഇഴഞ്ഞുനീങ്ങുകയാണ്. സി.പി.എം. സര്‍ക്കാരിന്റെ പണമെടുത്തു പാര്‍ട്ടിക്കാരെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകും. അത് കൊലക്കേസായാലും ശബരിമലയിലെ കൊള്ളയായാലും പാര്‍ട്ടിക്കാരെ സി.പി.എം. സംരക്ഷിക്കുമെന്നും അദ്ദേഹം ആരോപിച്ചു.