
പാര്‍ലമെന്റ് കാന്റീനില്‍ വിവിധ കക്ഷികളിലെ എം.പിമാരോടൊപ്പം പ്രധാനമന്ത്രിയുമായി ഭക്ഷണം കഴിച്ചതിന്റെ പേരില്‍ തന്നെ ‘സംഘിയായി’ ചാപ്പ കുത്തിയ സിപിഎം നേതൃത്വമാണ് ഇപ്പോള്‍ ബിജെപി നയങ്ങള്‍ രഹസ്യമായി നടപ്പാക്കാന്‍ ഇടനിലക്കാരനായ സിപിഎം കേന്ദ്ര കമ്മിറ്റി അംഗത്തിനെതിരെ മൗനം പാലിക്കുന്നതെന്ന് എന്‍ കെ പ്രേമചന്ദ്രന് എംപി ആരോപിച്ചു.
ഇടതുമുന്നണിയുടെയോ സിപിഎമ്മിന്റെയോ മന്ത്രിസഭയുടെയോ അറിവില്ലാതെ പ്രധാനമന്ത്രി, അമിത് ഷാ എന്നിവരുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് ശേഷമാണ് പി.എം. ശ്രീയില്‍ കേരളം ഒപ്പുവച്ചത്. വിവരം മന്ത്രിസഭ അംഗങ്ങളില്‍ നിന്ന് പോലും മറച്ചുവച്ചു. ഈ രഹസ്യ ഇടപാടില്‍ ജോണ്‍ ബ്രിട്ടാസ് പാലമായി പ്രവര്‍ത്തിച്ചു എന്നാണ് കേന്ദ്രമന്ത്രി രാജ്യസഭയില്‍ വെളിപ്പെടുത്തിയത്.
രണ്ടു കക്ഷികള്‍ തമ്മില്‍ ഡീല്‍ നടക്കുമ്പോള്‍ ഇരുകക്ഷികള്‍ക്കും ഗുണകരമായ വ്യവസ്ഥകള്‍ ഉണ്ടാവും. കേരളം പൊതുവേയും ഇടതുമുന്നണിയും സിപിഎമ്മും പ്രത്യേകിച്ചും ശക്തമായി വിയോജിക്കുന്ന പദ്ധതിയാണ് പി.എം. ശ്രീ. നയത്തിന് വിരുദ്ധമായി കേരളം പി.എം. ശ്രീയില്‍ ഒപ്പ് വച്ചപ്പോള്‍ പകരം ലഭിച്ചത് എന്താണെന്ന് മുഖ്യമന്ത്രിയും ഇടനിലക്കാരനായ ജോണ്‍ ബ്രിട്ടാസ് എം.പിയും വെളിപ്പെടുത്തണം.
സംസ്ഥാനത്തിന്റെ പൊതു താത്പര്യം ബലികഴിച്ച് എന്ത് ആവശ്യത്തിനു വേണ്ടിയാണ് കേരളം കാലങ്ങളായി അനുവര്‍ത്തിച്ചു വരുന്ന വിദ്യാഭ്യാസ നയത്തിന് വിരുദ്ധമായി പി.എം. ശ്രീയില്‍ ഒപ്പിട്ടതെന്ന് വ്യക്തമാക്കണം. ബിജെപി നേതൃത്വവുമായി മുഖ്യമന്ത്രി നിരന്തരം നടത്തുന്ന രഹസ്യ കൂടിക്കാഴ്ചകളിലെ ദുരൂഹത ഇപ്പോഴും നിലനില്‍ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള വിഷയങ്ങളില്‍ എം.പിമാര്‍ ഇടപെടുന്നത് സര്‍വ്വ സാധാരണമാണ്. എന്നാല്‍ അത്തരം ഇടപെടലുകളെ മന്ത്രിമാര്‍ ഒരിക്കലും ‘പാലമായി പ്രവര്‍ത്തിച്ചു’ എന്നോ ‘മധ്യസ്ഥത വഹിച്ചു’ എന്നോ പരാമര്‍ശിക്കാറില്ല. അസാധാരണമായ ഇടപെടലുകളെയാണ് ഇത്തരം പരാമര്‍ശം സൂചിപ്പിക്കുന്നത്.
മന്ത്രിയുടെ പ്രസ്താവന വസ്തുതാപരമല്ലെങ്കില്‍ അവകാശ ലംഘനത്തിന് നോട്ടീസ് നല്കാന് ബ്രിട്ടാസിന് അവകാശമുണ്ട്. എന്നാല്‍, ബ്രിട്ടാസ് മന്ത്രിയുടെ പ്രസ്താവനയെ അഭിമാനകരമായി ഏറ്റെടുക്കുകയാണ് ചെയ്തത്. ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയ അജണ്ട നടപ്പാക്കുന്നതിനുള്ള പുതിയ വിദ്യാഭ്യാസ നയം കേരളത്തില്‍ പ്രാവര്‍ത്തികമാക്കുവാനുള്ള ചുമതല ഏറ്റെടുത്തുവെന്ന ജോണ്‍ ബ്രിട്ടാസിന്റെ വാദം വിചിത്രമാണ്.
കേന്ദ്രമന്ത്രിയുടെ പ്രസ്താവന സിപിഎം-ബിജെപി ഡീലുകളുടെയും രഹസ്യ ധാരണകളുടെയും ഏറ്റുപറച്ചിലാണ്. നരേന്ദ്ര മോദി-പിണറായി ബിജെപി-സിപിഎം അവിശുദ്ധ കൂട്ടുകെട്ടിനെ സംബന്ധിച്ച് പ്രതിപക്ഷം കാലങ്ങളായി ഉന്നയിക്കുന്ന ആരോപണം ശരിവയ്ക്കുന്നതാണ് മന്ത്രിയുടെയും ജോണ്‍ ബ്രിട്ടാസിന്റെയും അഭിപ്രായ പ്രകടനമെന്നും എന്‍.കെ. പ്രേമചന്ദ്രന് എം.പി. പറഞ്ഞു.