
തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയില്‍ കേരളം ഏകപക്ഷീയമായി ഒപ്പിട്ട വിഷയത്തില്‍ നിലപാട് കടുപ്പിച്ച് സിപിഐ. പ്രതിഷേധത്തിന്റെ ഭാഗമായി മന്ത്രിസഭായോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിന്റെ സജീവ ആലോചനയിലാണെന്നാണ് റിപ്പോര്‍ട്ട്.
കാനം രാജേന്ദ്രന് സംസ്ഥാന സെക്രട്ടറി ആയിരുന്നപ്പോള്‍, തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍ സിപിഐ സമാനമായ നിലപാട് സ്വീകരിച്ചിരുന്നു. അന്ന് സിപിഐ മന്ത്രിമാര്‍ ക്യാബിനറ്റില്‍നിന്ന് വിട്ടുനിന്നതിനെ തുടര്‍ന്നാണ് തോമസ് ചാണ്ടിയുടെ രാജിക്ക് വഴിയൊരുങ്ങിയത്.
സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിഷയത്തില്‍ കടുത്ത അമര്‍ഷത്തിലാണ്. സമൂഹത്തിനു മുന്നില്‍ അപമാനിക്കപ്പെട്ട് മുന്നോട്ടു പോകാന്‍ കഴിയില്ലെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. മന്ത്രിസഭാ യോഗത്തില്‍ കൃത്യമായ എതിര്‍പ്പ് അറിയിച്ചിട്ടും സി.പി.എം അത് പുച്ഛിച്ചു തള്ളിയ സാഹചര്യത്തില്‍, എന്തിനാണ് അവഗണന സഹിച്ച് മന്ത്രിസഭയില്‍ തുടരുന്നതെന്ന ചോദ്യമാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ഉയര്‍ത്തുന്നത്. ഈ സാഹചര്യത്തില്‍ മന്ത്രിമാരെ പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യമുന്നയിക്കുന്നുണ്ട്.
വിഷയത്തിലുള്ള അതിരൂക്ഷമായ അതൃപ്തി ചൂണ്ടിക്കാട്ടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി. രാജയ്ക്ക് കത്തയയ്ക്കും. വിഷയം കേരളത്തില്‍ പരിഹരിക്കാന്‍ കഴിയില്ല എന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ചുകൊണ്ട്, സി.പി.എം. ദേശീയ നേതൃത്വവുമായി ബന്ധപ്പെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം.
മുഖ്യമന്ത്രിയെ കണ്ട് എതിര്‍പ്പ് അറിയിച്ചിട്ടും അനുകൂലമായ ഒരു പ്രതികരണവും ഉണ്ടാകുമെന്ന് സിപിഐ സംസ്ഥാന നേതൃത്വം കരുതുന്നില്ല. അതേസമയം, വിഷയം കേന്ദ്ര സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യുമെന്ന് ഡി. രാജ പ്രതികരിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പി.എം. ശ്രീയില്‍ ഒപ്പിടാനുണ്ടായ സാഹചര്യം വിശദീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.