പി.എം. ശ്രീ പദ്ധതി വിവാദത്തില്‍ പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍. സിപിഐയുടെ എതിര്‍പ്പില്‍ തെറ്റില്ലെന്ന് ടി.പി രാമകൃഷ്ണന്‍. പദ്ധതിയില്‍ ചേരുന്നത് കേന്ദ്ര ആനുകൂല്യങ്ങള്‍ ലഭിക്കാനെന്നും നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.പി.ഐ യുടെ ആവശ്യം സ്വാഭാവികമെന്ന് ടി പി രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. പി.എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ മലക്കംമറിച്ചില്‍ വീണ്ടും ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് അദ്ദേഹം പ്രതികരിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുകള്‍ നഷ്ടമാകുന്ന പശ്ചാത്തലത്തില്‍ പിണറായി സര്‍ക്കാര്‍ നിലപാട് മാറ്റിയിരുന്നു.
പി.എം.ശ്രീ പദ്ധതിയില്‍ ഒപ്പിടാന്‍ തീരുമാനിച്ചതില്‍ എല്‍.ഡി.എഫിനുളളില്‍ ഭിന്നത ശക്തമായിരുന്നു. ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടിവരുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് കേരളം ആദ്യം പി.എം. ശ്രീ പദ്ധതിയെ എതിര്‍ത്തത്. ഓരോ ബ്ലോക്കിലെയും രണ്ട് സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി ഓരോ കോടി രൂപ വീതം അഞ്ചു വര്‍ഷത്തേക്ക് ലഭിക്കുന്ന ഈ പദ്ധതിയില്‍, ‘പി.എം. ശ്രീ’ ബോര്‍ഡ് സ്‌കൂളുകള്‍ക്ക് മുന്നില്‍ സ്ഥാപിക്കണമെന്ന നിബന്ധനയും എതിര്‍പ്പിന് കാരണമായിരുന്നു.