പി.എം. ശ്രീ പദ്ധതി: ചര്‍ച്ച ‘ഫലപ്രദമെന്ന്’ കേന്ദ്രമന്ത്രി; CPM സിപിഐയെ പറഞ്ഞു ‘പറ്റിച്ചോ’?

Jaihind News Bureau
Tuesday, November 11, 2025

പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തിലെ ഭരണകക്ഷിയായ ഇടതുമുന്നണിയില്‍ നിലനില്‍ക്കുന്ന അവ്യക്തതയും അവിശ്വാസവും തുടരുകയാണ്. പദ്ധതി മരവിപ്പിക്കുന്ന കാര്യം കേന്ദ്രത്തെ വാക്കാല്‍ അറിയിച്ചു എന്നാണ് സംസ്ഥാന വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഇന്നലെ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചത്. എന്നാല്‍, കേരളം ഇങ്ങനെയൊരു ആവശ്യം മുന്നോട്ടുവെച്ചതായി കേന്ദ്രമന്ത്രി സ്ഥിരീകരിക്കുന്നില്ല. ചര്‍ച്ച ‘ഫലപ്രദമായിരുന്നു’ എന്നാണ് ധര്‍മേന്ദ്ര പ്രധാന്‍ എക്സില്‍ കുറിച്ചത്. ഈ വൈരുധ്യം മുന്നണിക്കുള്ളില്‍, പ്രത്യേകിച്ച് സി.പി.എം, സി.പി.ഐയെ പറഞ്ഞു പറ്റിച്ചുവെന്ന ആക്ഷേപം ശക്തമാകുന്നതിന് കാരണമായിട്ടുണ്ട്.

ദേശീയ വിദ്യാഭ്യാസ നയം പി.എം. ശ്രീ പദ്ധതി എന്നിവയുടെ നടത്തിപ്പിനെക്കുറിച്ചും സമഗ്ര ശിക്ഷാ പദ്ധതിയുടെ ഫണ്ട് ലഭ്യതയെക്കുറിച്ചും ഫലപ്രദമായ ചര്‍ച്ച നടത്തിയെന്നാണ് കേന്ദ്രമന്ത്രി അവകാശപ്പെടുന്നത്. എന്‍.ഇ.പി. നടപ്പാക്കില്ലെന്ന് സി.പി.എം. നിലപാട് എടുക്കുമ്പോള്‍, അതിനെക്കുറിച്ച് ഫലപ്രദമായ ചര്‍ച്ച നടത്തിയെന്ന കേന്ദ്രമന്ത്രിയുടെ പ്രസ്താവന പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന് ആക്കം കൂട്ടുന്നു. പി.എം. ശ്രീ മരവിപ്പിക്കണമെന്ന് വാക്കാല്‍ പറഞ്ഞ ഒരു ചര്‍ച്ച എങ്ങനെ ഫലപ്രദമാകും എന്നും, പി.എം. ശ്രീ പിന്‍വലിക്കണമെന്ന ആവശ്യം ശിവന്‍കുട്ടി ഉന്നയിച്ചതായി കേന്ദ്രമന്ത്രി ഒരു സൂചന പോലും നല്‍കുന്നില്ല എന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

പി.എം. ശ്രീയില്‍ നിന്ന് പിന്‍വാങ്ങാന്‍ കഴിഞ്ഞ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം ഔദ്യോഗികമായി തീരുമാനിച്ചിരുന്നു. സി.പി.എം.-സി.പി.ഐ ഉഭയകക്ഷി ചര്‍ച്ചയുടെ രാഷ്ട്രീയ തീരുമാനപ്രകാരമായിരുന്നു ഈ നടപടി. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നുവെങ്കിലും, പിന്‍വാങ്ങുന്നതായി അറിയിച്ചുകൊണ്ട് കേന്ദ്രത്തിന് കത്തയക്കുന്നത് നീളുകയാണ്. പി.എം. ശ്രീ നടപ്പാക്കുന്നില്ലെങ്കില്‍ ഒരു വരി കത്ത് നല്‍കിയാല്‍ പോരേ എന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍, സി.പി.ഐക്ക് ഈ നടപടി വൈകുന്നതില്‍ അമര്‍ഷമുണ്ടെങ്കിലും, ഇപ്പോള്‍ തുറന്നുപറച്ചിലുകള്‍ ഉണ്ടായാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെ അത് പ്രതികൂലമായി ബാധിക്കുമെന്ന ഭയം കാരണം പരിഭവം ഉള്ളിലടക്കാനാണ് സാധ്യത. തിരഞ്ഞെടുപ്പിന് മുമ്പ് കത്ത് നല്‍കാന്‍ സാധ്യതയില്ലെന്നും വിലയിരുത്തപ്പെടുന്നു.