V D Satheesan| പി.എം ശ്രീ: സിപിഎമ്മിന് സിപിഐയെക്കാള്‍ വലുത് ബി.ജെ.പി.; മുഖ്യമന്ത്രിക്ക് കേന്ദ്രത്തെ ഭയം: വി.ഡി. സതീശന്‍

Jaihind News Bureau
Friday, October 24, 2025

 

കേന്ദ്ര സര്‍ക്കാരിന്റെ പി.എം. ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സി.പി.ഐ. പോലും അറിയാതെയാണ് പദ്ധതിയില്‍ ഒപ്പുവച്ചതെന്നും, ഇത് സി.പി.എം.-ബി.ജെ.പി. ബന്ധം ശക്തമാകുന്നതിന്റെ തെളിവാണെന്നും അദ്ദേഹം ആരോപിച്ചു.

പണ്ട് ശ്രീ എം ആയിരുന്നു സി.പി.എം.-ബി.ജെ.പി. ബന്ധത്തിന് ഇടനിലക്കാരന്‍ എങ്കില്‍, ഇപ്പോഴത് പി.എം. ശ്രീ പദ്ധതിയായി മാറിയെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ആര്‍.എസ്.എസ്. അജണ്ട നടപ്പാക്കുകയാണ്. സി.പി.എം. കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് പോലും നോക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ ഈ ഏകപക്ഷീയമായ തീരുമാനം എടുത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സി.പി.ഐയെക്കാള്‍ വലുതാണ് സി.പി.എമ്മിന് ബി.ജെ.പി. എന്ന് തെളിയിക്കുന്ന തീരുമാനമാണിത്. നേരത്തെ മുഴക്കിയ വീരവാദങ്ങളെല്ലാം വെറുതെയായി. പദ്ധതിക്ക് പണം വാങ്ങിക്കുന്നതില്‍ തെറ്റില്ലെന്ന് പ്രതിപക്ഷം പറയുന്നു. എന്നാല്‍, കേന്ദ്രത്തിന്റെ നിബന്ധനകളില്‍ എതിര്‍പ്പ് അറിയിക്കാതെയാണ് നിരുപാധികം ഒപ്പുവച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ഭരിച്ച സംസ്ഥാനങ്ങള്‍ ഒപ്പുവച്ചപ്പോള്‍ ഇല്ലാത്ത നിബന്ധനകള്‍ കേരളത്തിന് അംഗീകരിക്കേണ്ടി വന്നു.

മന്ത്രിസഭയിലും മുന്നണിയിലും ഈ വിഷയം സംബന്ധിച്ച് ഒരു ചര്‍ച്ച പോലും നടത്തിയില്ല എന്നും വി.ഡി. സതീശന്‍ ആരോപിച്ചു. യു.ഡി.എഫ്. അധികാരത്തില്‍ എത്തിയാല്‍ കേന്ദ്രത്തിന്റെ നിബന്ധനകള്‍ അംഗീകരിച്ച് ഈ പദ്ധതി തുടരില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

നാണക്കേട് സഹിച്ച് എല്‍.ഡി.എഫില്‍ തുടരണമോ എന്ന് തീരുമാനിക്കേണ്ടത് സി.പി.ഐ. ആണെന്നും, ഈ വിഷയത്തില്‍ ഒരു രാഷ്ട്രീയ തീരുമാനം എടുക്കേണ്ടത് അവരാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. സി.പി.ഐ. തീരുമാനം എടുത്താല്‍ അതിനെ സ്വാഗതം ചെയ്യണമോയെന്ന് അപ്പോള്‍ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടതിനു ശേഷമാണ് നിലപാട് മാറിയതെന്നും, എന്ത് രാഷ്ട്രീയ സമ്മര്‍ദ്ദം ആണ് ഉണ്ടായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് കേന്ദ്രത്തെ ഭയമാണെന്നും അദ്ദേഹം ആരോപിച്ചു.